ചെട്ടിയങ്ങാടി ദുരന്തം: അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി

Breaking Local News

മഞ്ചേരി : വെള്ളിയാഴ്ച മഞ്ചേരി ചെട്ടിയങ്ങാടിയിലുണ്ടായ വാഹന അപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേരടക്കം അഞ്ച് പേരാണ് മരിച്ചത്. കര്‍ണാടകയിലെ ഹൊസൂരില്‍ നിന്ന് അയ്യപ്പ ഭക്തരുമായി ശബരിമലയിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ഓട്ടോറിക്ഷയിലിടിച്ചാണ് അപകടം. ഓട്ടോ ഡ്രൈവര്‍ മഞ്ചേരി മാലാംകുളം തടപറമ്പ് പുത്തന്‍പറമ്പില്‍ അബ്ദുല്‍ മജീദ് (50), യാത്രക്കാരായ മഞ്ചേരി പയ്യനാട് താമരശ്ശേരി കരിമ്പുള്ളകത്ത് വീട്ടില്‍ ഹമീദിന്റെ ഭാര്യ മുഹ്‌സിന (35), സഹോദരി കാളികാവ് വെള്ളയൂര്‍ പുന്നങ്കുന്നത്ത് പൂങ്കുഴി മുഹമ്മദ് റിയാസിന്റെ ഭാര്യ തസ്‌നി (33), മക്കളായ റിന്‍ഷ ഫാത്തിമ (എട്ട്), റൈഹ ഫാത്തിമ (നാല്) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ തന്നെ മഞ്ചേരി, മലപ്പുറം സ്‌റ്റേഷനുകളില്‍ നിന്നും പൊലീസുകാരെ എത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്ന മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ ആറരയോടെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു. മോര്‍ച്ചറി പരിസരത്തും വന്‍ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്. ആദ്യം എട്ട് വയസ്സുകാരി റിന്‍ഷ ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടമാണ് നടത്തിയത്. രണ്ടാമത് അബ്ദുല്‍ മജീദിന്റെയും തുടര്‍ന്ന് തസ്‌നി, മുഹ്‌സിന, റെഹ ഫാത്തിമ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളും പൂര്‍ത്തിയായി. ഒമ്പതര മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറിന്റെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍. ഫോറന്‍സിക് സര്‍ജന്മാരായ ഡോ. പ്രജിത്, ഡോ.ആനന്ദ്, ഡോ. ലെവിസ് വസീം, ഡോ. രഹ്നാസ്, ഡോ. ഗ്രീഷ്മ, മോര്‍ച്ചറി ടെക്‌നീഷ്യന്മാരായ സമീമത്ത്, രഞ്ജിനി, നഴ്‌സിങ് അസിസ്റ്റന്റുമാരായ എം. അയ്യപ്പന്‍, പി.പി. സുന്ദരന്‍, കെ. ജോജി എന്നിവര്‍ നേതൃത്വം നല്‍കി.
പുതുപ്പറമ്പില്‍ അബ്ദുള്‍ മജീദ്(55)ന്റെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം 10.45ന് മഞ്ചേരി സെന്‍ട്രല്‍ ജുമുഅ മസ്ജിദില്‍ ഖബറടക്കി. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കിഴക്കെതല ജിഎംഎല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ചു. എം എല്‍ എമാരായ അഡ്വ. യു എ ലത്തീഫ്, പി ഉബൈദുള്ള എന്നിവരടക്കം നിരവധി പ്രമുഖര്‍ സ്ഥലത്ത് സജീവമായിരുന്നു. തുടര്‍ന്ന് പതിനൊന്നു മണിയോടെ ഖബറടക്കത്തിനായി കൊണ്ടുപോയി. തസ്‌നി(33), മക്കളായ റൈഹ ഫാത്തിമ(4), റിന്‍ഷാ ഫാത്തിമ(12) എന്നിവരുടെ മൃതദേഹങ്ങള്‍ കാളികാവ് പൂങ്ങോട് വെള്ളയൂര്‍ ജുമാമസ്ജിദിലും തസ്‌നിയുടെ സഹോദരി മുഹ്‌സിനയുടെ മൃതദേഹം പയ്യനാട് താമരശ്ശേരി ജുമാമസ്ജിദിലുമാണ് ഖബറടക്കിയത്. വിദേശത്ത് ഭര്‍ത്താവിനൊപ്പമായിരുന്ന തസ്‌നി ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. ഭര്‍ത്താവ് റിയാസ് ഇന്നലെ പുലര്‍ച്ചെ നാലര മണിയോടെ നാട്ടിലെത്തിയിരുന്നു. തസ്‌നിയുടെയും മുഹ്‌സിനയുടെയും സഹോദരി, തിരുവനന്തപുരത്ത് നഴ്‌സായി ജോലിചെയ്യുന്ന ജസ്‌നയും രാവിലെയോടെ എത്തിയിരുന്നു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി