ബസിടിച്ച് ഓട്ടോയിലെ അഞ്ചുപേര്‍ മരിച്ച മഞ്ചേരി ചെട്ടിയങ്ങാടിയില്‍ വീണ്ടും അപകടം

Breaking Local News

മഞ്ചേരി : ചെട്ടിയങ്ങാടിയില്‍ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അപകടം കഴിഞ്ഞ് ചൂടാറും മുമ്പെ വീണ്ടും അപകടം. വെള്ളിയാഴ്ച അപകടം നടന്ന സ്ഥലത്തു നിന്നും തൊട്ടുമാറിയാണ് ഇന്നലെ അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിന് പിറകിലിടിക്കുകയായിരുന്നു. ഭാഗ്യത്തിന് ആളപായമുണ്ടായില്ല. ഇരു കാറുകള്‍ക്കും കേടുപാടുകളുണ്ടായി.
അതേ സമയം അപകടം നടന്ന മഞ്ചേരി ചെട്ടിയങ്ങാടിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സ്ഥലത്ത് അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ഒരുതരത്തിലുമുള്ള സുരക്ഷാനടപടികള്‍ കൈക്കൊണ്ടില്ലെന്ന് ആരോപിച്ചായിരുന്നു മഞ്ചേരി അരീക്കോട് റോഡില്‍ നാട്ടുകാരുടെ ഉപരോധം. രാവിലെ ഏഴുമണിക്കാണ് ഉപരോധം ആരംഭിച്ചത്. എട്ടു മണിയോടെ ഏറനാട് താലൂക്ക് തഹസില്‍ദാര്‍ ഹാരിസ് കപ്പൂര്‍, മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി എന്നിവര്‍ സ്ഥലത്തെത്തുകയും വിഷയത്തില്‍ നാട്ടുകാരുമായി ചര്‍ച്ച നടത്താമെന്ന് സമ്മതിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുകയായിരുന്നു.
എട്ടര മണിയോടെ തഹസീല്‍ദാറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ നാട്ടുകാരുടെ പ്രതിനിധികളായ ഹുസ്സൈന്‍ വല്ലാഞ്ചിറ, കെ.പി.ഉമ്മര്‍, ഹുസൈന്‍ മേച്ചേരി, ബീനാ തേരി, കാക്കേങ്ങല്‍ അഷറഫ്, അനീസ്, സുബ്രഹ്മണ്യന്‍ എന്നിവരും റോഡ് നിര്‍മ്മാണ ചുമതലയുള്ള കെ എസ് ടി പി അധികൃതരും പോലീസും ചര്‍ച്ചയില്‍ പങ്കെടുത്തു.ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഇന്നലെ തന്നെ സ്‌റ്റോപ്പ് ആന്റ് പ്രൊസീഡ് ബോര്‍ഡ് സ്ഥാപിച്ചു. റോഡിന് ഇരു വശങ്ങളിലും ഉള്ള വാഹനങ്ങള്‍ മാറ്റാന്‍ പോലീസും നഗരസഭയും ചേര്‍ന്ന് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി. അപകട മേഖലയില്‍ തിങ്കളാഴ്ച തന്നെ റമ്പിള്‍ സ്ട്രിപ്പ് സ്ഥാപിക്കും. അപകടങ്ങളുണ്ടാകുന്നതിന്റെ കാരണങ്ങളിലൊന്ന് റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തില്‍ റോഡില്‍ നിന്നും ഓടകളിലേക്ക് വെള്ളം ഇറങ്ങാന്‍ വേണ്ട നടപടികള്‍ ഉടന്‍ ചെയ്യും. പ്രദേശത്തെ തെരുവുവിളക്കുകള്‍ പുനസ്ഥാപിക്കുകയും സീബ്രാലൈനുകള്‍ വരക്കുകയും ചെയ്യും. റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി