മഞ്ചേരിയില്‍ അപകടത്തില്‍മരിച്ച തസ്‌നീമ ഗള്‍ഫില്‍നിന്നുംനാട്ടിലെത്തിയത് രണ്ടുദിവസം മുമ്പ്.

Breaking Local News

മലപ്പുറം:മഞ്ചേരിയില്‍ അപകടത്തില്‍
മരിച്ച തസ്‌നീമ ഗള്‍ഫില്‍നിന്നും
നാട്ടിലെത്തിയത് രണ്ടുദിവസം മുമ്പ്. മഞ്ചേരി ചെട്ടിയങ്ങാടിയില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മരിച്ച അഞ്ചംഗ സംഘത്തിലെ
തസ്‌നീമ ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയത് രണ്ടുദിവസം മുമ്പ്. മഞ്ചേരിക്കാര്‍ക്ക് നൊമ്പരമായി ഓട്ടോഡ്രൈവറും കുടുംബത്തിലെ നാലുപേരും. ഓട്ടോ ഡ്രൈവര്‍ പയ്യനാട് തടപ്പറമ്പ് സ്വദേശി പുതുപ്പറമ്പില്‍ അബ്ദുല്‍ മജീദ്(55), ഓട്ടോ യാത്രക്കാരായ മഞ്ചേരി പുല്ലൂര്‍ കിഴക്കേത്തല സ്വദേശി മുഹ്‌സിന(34) സഹോദരി കരുവാരക്കുണ്ട് വെളയൂര്‍ മുഹമ്മദ് റിയാസിന്റെ ഭാര്യ തസ്‌നീമ(33), മക്കളായ റൈഹ ഫാത്തിമ(4), റിന്‍ഷാ ഫാത്തിമ(12) എന്നിവരാണ് മരിച്ചത്. മുഹ്‌സിനയുടെ മക്കളായ മുഹമ്മദ് നഷാദ്, ഫാത്തിമ ഹസ, മുഹമ്മദ് അഹ്‌സാന്‍, തസ്‌നീമയുടെ മകളായ മുഹമ്മദ് റിഷാമ (ഒരുമാസം) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രാഥമിക ചികില്‍സക്ക് ശേഷം ഇവരെ മഞ്ചേരിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്ന തസ്‌നീമ ബുധനാഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തിത്. പുല്ലൂരിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോവുകയായിരിന്നു കുടുംബം. ഇതിനിടയിലാണ് ദാരുണ സംഭവം. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.ഇരുപത് വര്‍ഷമായി പയ്യനാട് തടപ്പറമ്പില്‍ താമസിക്കുന്ന അബ്ദുല്‍ മജീദ് മഞ്ചേരി താണിപ്പാറ സ്വദേശിയാണ്. ഭാര്യ : ഹഫ്‌സത്ത്. മുഹമ്മദ് ഹനീഫ, മുഹമ്മദ് ഫാരിസ്, മുഹമ്മദ് ജുനൈദ്, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ഷുഹൈബ്, റിന്‍ഷ മറിയം എന്നിവര്‍ മക്കളാണ്.

അതേ സമയം അഞ്ച് പേര്‍ മരിച്ചത് അധികൃതരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്ത് തുടരെ തുടരെ വാഹന അപകടങ്ങല്‍ ഉണ്ടായതോടെ വിഷയം നാട്ടുകാര്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കുറ്റിപ്പുറം കെ എസ് ടി പിയാണ് റോഡ് നിര്‍മ്മാണ ചുമതല വഹിക്കുന്നത്. റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരക്കുന്നതിന് മന്ത്രി കെ എസ് ടി പിക്ക് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ നിര്‍ദ്ദേശം നല്‍കിയതുമാണ്. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കെ എസ് ടി പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ചെട്ടിയങ്ങാടിയില്‍ നേരിട്ടെത്തി റോഡ് പരിശോധിക്കുകയും ചെയ്തിരുന്നു. റോഡ് നിര്‍മ്മാണ അതോറിറ്റിയുടെ സേഫ്റ്റി കണ്‍സള്‍ട്ടന്റ്‌സ് നടത്തിയ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ 24ന് കെ.എസ്.ടി.പി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കു കൈമാറിയിരുന്നു. മെയ് 30ന് വീണ്ടും പ്രദേശത്ത് അപകടമുണ്ടായി. പ്രഭാത നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നും വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഗൃഹനാഥന്‍ ബൈക്കിടിച്ച് മരിച്ചു. ചെട്ടിയങ്ങാടിയില്‍ താമസിക്കുന്ന മഞ്ചേരി ചന്തക്കുന്ന് മച്ചിങ്ങല്‍ ഷൗക്കത്തലി (60)യായിരുന്നു മരിച്ചത്. ഇതോടെ പ്രദേശത്ത് വേഗത മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ച് കെ എസ് ടി പി തടിതപ്പി. പിന്നീട് നാളിതുവരെ ഒരു നടപടികളും ഉണ്ടായിട്ടില്ല. റോഡില്‍ റംബിള്‍ സ്ട്രിപ്പ്, സീബ്രാ ലൈന്‍ തുടങ്ങിയുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്നും അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ല.
ഇനിയും നോക്കി നില്‍ക്കാനാവില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ശക്തമായ സമരമുറകള്‍ ആസുത്രണം ചെയ്ത് നടപ്പിലാക്കാനുള്ള ശ്രമത്തിലാണിവര്‍. ഇതിന്റെ മുന്നോടിയായി പ്രദേശത്തെ ജനങ്ങള്‍ ജാതി,മത,കക്ഷി,രാഷ്ട്രീയ ഭേദമെന്യെ ഇന്ന് രാവിലെ ഏഴ് മണിക്ക് ചെട്ടിയങ്ങാടിയില്‍ റോഡ് ഉപരോധിക്കും.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി