ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ചത് പിതാവിന്റെ സഹോദരിയുടെ വീട്ടില്‍ ഓണാവധിക്ക് വിരുന്നുവന്ന സഹോദരങ്ങളുടെ മക്കളായ വിദ്യാര്‍ഥികള്‍. അപകടത്തില്‍പ്പെട്ടത് കുടുംബാംഗങ്ങളോടും ബന്ധക്കളോടുമൊപ്പം കുളിക്കാന്‍ എത്തിയപ്പോള്‍.

Breaking News

മലപ്പുറം: ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ചത് പിതാവിന്റെ സഹോദരിയുടെ വീട്ടില്‍ ഓണാവധിക്ക് വിരുന്നുവന്ന വിദ്യാര്‍ഥികള്‍. അപകടത്തില്‍പ്പെട്ടത് കുടുംബാംഗങ്ങളോടും ബന്ധക്കളോടുമൊപ്പം കുളിക്കാന്‍ എത്തിയപ്പോഴാണ്.
സഹോദരങ്ങളുടെ മക്കളാണ് അപകടത്തില്‍പ്പെട്ടത്. നിലമ്പൂരിനടുത്തു മമ്പാട് പന്തലിങ്ങല്‍ മില്ലുംപടി കുന്നുമ്മല്‍ ഹമീദിന്റെ മകന്‍ റയാന്‍ (11),
കുന്നുമ്മല്‍ സിദ്ദീഖിന്റെ മകന്‍ മമ്പാട് എംഇഎസ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അഫ്ത്താഹ് റഹ്മാന്‍ (14) എന്നിവരാണ് മരിച്ചത്. ഇന്നു വൈകുന്നേരം 5.30 ഓടെയാണ് സംഭവം. ഇരുവരും പിതാവിന്റെ സഹോദരിയുടെ പുള്ളിപ്പാടത്തെ വീട്ടില്‍ ഓണാവധിക്ക് വിരുന്നുവന്നതായിരുന്നു. മമ്പാട് ഓടായിക്കല്‍ റെഗുലേറ്ററിന് 50 മീറ്റര്‍ താഴെ റിവര്‍ ലാന്‍ഡ് ചില്‍ഡ്രന്‍സ് പാര്‍ക്കിന് താഴെ ആയിരംകല്ല് കടവിലാണ് അപകടം. കുടുംബാംഗങ്ങളോടും ബന്ധക്കളോടുമൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു രണ്ടുപേരും. നാട്ടുകാരും എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആദ്യം റയാനെ കണ്ടെത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ അഫ്ത്താഹിനെയും കണ്ടെടുത്ത് മമ്പാട് സ്വകാര്യാശുപത്രിയിലും പിന്നീട് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലം രണ്ടുപേരുടെയും ജീവന്‍ രക്ഷിക്കാനായില്ല. പാലത്തിനു ചുവടെ പാറയുള്ള ഭാഗത്താണ് ഒഴുക്കില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കബറടക്കം ഇന്നു നടക്കും. അഫ്ത്താഹ് റഹ്മാന്റെ മാതാവ്: നിശ. സഹോദരങ്ങള്‍: ലിയ, ആയിശ മറിന്‍. റയാന്റെ മാതാവ്: സജ്ന. സഹോദരങ്ങള്‍: റിന്‍ഷിത്, അജ്മല്‍, അസ്ബിന്‍, റിസ്ബാന്‍