യുവാവിനെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍

Breaking Crime Keralam News

തിരൂര്‍: തിരൂര്‍ സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച മൂന്ന് പേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ ബി.പി അങ്ങാടി സ്വദേശികളായ പുളിമ്പെട്ടി പറമ്പില്‍ സിറാജുദീന്‍ (30) , ഇടപ്പയില്‍ വിപിന്‍ (30), അരീപറമ്പില്‍ അയാസ് (35) എന്നിവരെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം പുതിയങ്ങാടി ജാറാത്തിനു സമീപം നിന്നിരുന്ന യുവാവിനെ മൂന്നംഗ സംഘം ബലം പ്രയോഗിച്ച് തട്ടികൊണ്ട് പോകുകയും കാറില്‍ വെച്ച് മര്‍ദ്ധിച്ച് അവശനാക്കി കയ്യില്‍ ഉണ്ടായിരുന്ന 70000 രൂപയും തട്ടി.എ.ടി.എം. കാര്‍ഡും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യുകയായിരുന്നു. പ്രതികള്‍ ജംഷീറിനെ ഒരുദിവസം ആലിങ്ങല്‍ ഉള്ള റൂമില്‍ തടങ്കലില്‍ വെക്കുകയും ചെയ്തു. തുടര്‍ന്ന് താനൂരിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ജംഷീര്‍ പ്രതികളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് തിരൂര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ബി.പി അങ്ങാടിയില്‍ വെച്ച് പ്രതികളെ കാറില്‍ നിന്നും സാഹസികമായി കീഴ്‌പെടുത്തുകയായിരുന്നു സംഭവത്തില്‍ തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതം ആക്കിയിട്ടുണ്ടെന്നും അറസ്റ്റിലായ വിപിന്‍ വധശ്രമം, അടിപിടി, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിരീക്ഷിച്ചു വരുന്ന ആളാണെന്നും മറ്റുപ്രതികള്‍ക്കെതിരെ ഗുണ്ട നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു . തിരൂര്‍ ഡി.വൈ.എസ്.പി കെ.എം ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ ജിജോ എം.ജെ എസ്.ഐ ജിഷില്‍.വി സീനിയര്‍ സി.പി.ഒ ജിനേഷ് സി.പി.ഒ മാരായ അനില്‍കുമാര്‍, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.