മലപ്പുറം മേല്‍മുറി കഫേ കൊളായി റെസ്റ്റോറന്റ് ഉടമയെ 15ഓളംപേര്‍ ക്രൂരമായി മര്‍ദിച്ചു

Breaking Crime Keralam Local News

മലപ്പുറം: മലപ്പുറത്ത് മേല്‍മുറിയിലെ റെസ്റ്റോറന്റ് ഉടമയ്ക്ക് നേരെ അജ്ഞാത ഗുണ്ടാ സംഘത്തിന്റെ ആക്രമണം. മേല്‍മുറി കൊളായിയില്‍ കഫേ കൊളായി റെസ്റ്റോറന്റിന്റെ ഉടമയായ ഷെഫീഖിനെയാണ് 15 ഓളം പേരടങ്ങുന്ന സംഘം ആക്രമിച്ചത്. മാരകായുധങ്ങളുമായി എത്തിയ സംഘം ഷെഫീഖിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് 15 പേരടങ്ങുന്ന സംഘം കഫേ കൊളായി റെസ്റ്റോറന്റിലെത്തി ഉടമയായ ഷെഫീഖിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച റെസ്റ്റോറന്റിലെ തൊഴിലാളികളെയും സംഘം മര്‍ദിച്ചു. ചൊവ്വാഴ്ച വാറങ്കോട് പെട്രോള്‍ പമ്പില്‍ വച്ച് സംഘം പെട്രോള്‍ അടിക്കാന്‍ എത്തിയവരുമായി സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് ഗതാഗതകുരുക്കുണ്ടായതിനെ തുടര്‍ന്ന് ഷെഫീഖ് സംഭവത്തില്‍ ഇടപെടുകയും ഇവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഘം റെസ്റ്റോറന്റിലെത്തി തന്നെ മര്‍ദിച്ചതെന്ന് ശെഫീഖ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷെഫീഖ് പറഞ്ഞു.