ഒരുമാസമായി രണ്ടാം നിലയിലെ പാത്തിയില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ രക്ഷിക്കാന്‍ സക്കീര്‍ പിന്നിട്ട വഴികള്‍ അമ്പരിപ്പിക്കുന്നത്

Breaking Feature Keralam News

സഹജീവികളോടുള്ള കരുണയും കരുതലും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തും മനുഷ്യത്വമെന്താണെന്ന് പ്രവര്‍ത്തിയിലൂടെ കാണിച്ചു തരുന്ന ചിലരുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിനടുത്ത് താമസിക്കുന്ന സക്കീര്‍ റൊസാറിയോ അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ്. തൊട്ടടുത്തുള്ള ആള്‍താമസമില്ലാത്ത വീടിന്റെ രണ്ടാം നിലയിലെ പാത്തിയില്‍ ഒരുമാസമായി കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ പുറത്തിറക്കാന്‍ സക്കീര്‍ പിന്നിട്ട വഴികള്‍ നമ്മെയൊക്കെ അമ്പരിപ്പിക്കുന്നതാണ്.
കാലപ്പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലാണ് പൂച്ച അകപ്പെട്ടത്. അതില്‍ കയറി രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും സാധിച്ചില്ല. ഉടനെത്തന്നെ പോലീസിലും അടുത്തുള്ള ഫയര്‍ഫോഴ്‌സ് ട്രെയിനിങ് സെന്ററിലും അറിയിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. രക്ഷപ്പെടുത്താനുള്ള സജ്ജീകരണങ്ങളില്ലെന്നാണ് ഫോര്‍ട്ട് കൊച്ചി പോലീസ് അറിയിച്ചതെന്ന് സക്കീര്‍ പറഞ്ഞു. ഫയര്‍ഫോഴ്‌സ് ട്രെയിനിങ് സെന്റര്‍ ആയതിനാല്‍ അവിടെ മതിയായ സാമഗ്രികഹളും ഉണ്ടായിരുന്നില്ല.

പുറത്തെത്തിക്കാനുള്ള വഴികള്‍ അടഞ്ഞെങ്കിലും ദിവസവും സക്കീര്‍ എറിഞ്ഞുകൊടുത്ത ഭക്ഷണവും വെള്ളവും കഴിച്ചാണ് പൂച്ച ജീവന്‍ നിലനിര്‍ത്തിയത്. എങ്ങനെയെങ്കിലും പൂച്ചയെ പുറത്തെത്തിച്ചേ മതിയാവൂയെന്ന സക്കീറിന്റെ ചിന്തയാണ് ഒടുവില്‍ വിജയം കണ്ടത്. തന്റെ പരിചയക്കാരനും മുന്‍ ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന പി.എസ് രഘുവിനെ ഇന്നലെ രാത്രി വിളിക്കുകയും കാര്യങ്ങള്‍ പറയുകയും ചെയ്തു. അദ്ദേഹം ഈ വിവരം ഉടനെത്തന്നെ ഡി.ജി.പിയും ഫയര്‍ഫോഴ്സ് കമാന്‍ഡന്റ് ജനറലുമായ ഡോ.ബി സന്ധ്യയെ അറിയിക്കുകയായിരുന്നു. ഡി.ജി.പി ഇടപെട്ടതോടെ ഫയര്‍ഫോഴ്സ് സംഘം രാത്രി പന്ത്രണ്ട് മണിക്ക് തന്നെ പാഞ്ഞെത്തുകയും ചെയ്തു. എന്നാല്‍ കെട്ടിടത്തിന്റെ ജീര്‍ണ്ണാവസ്ഥ കാരണം രക്ഷാദൗത്യം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഇന്ന് രാവിലെ മട്ടാഞ്ചേരി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് ശ്രമകരമായ ദൗത്യം പൂര്‍ത്തീകരിച്ച് പൂച്ചയെ രക്ഷിച്ചത്. തന്റെ ഒരു മാസക്കാലത്തെ ടെന്ഷന് അറുതി വരുത്തിയ ഫയര്‍ഫോഴ്സ് കമാന്‍ഡന്റ് ജനറല്‍& ഡിജിപി ഡോ; സന്ധ്യയ്ക്കും ഫയര്‍ഫോഴ്സ് മട്ടാഞ്ചേരി യൂണിറ്റിനും കളമശ്ശേരിയിലെ സി.പി.ഓ രഘു.പി എസ്സിനും സക്കീറിന് നല്‍കാനുള്ളത് നിറഞ്ഞ സ്‌നേഹത്തോടെയുള്ള പുഞ്ചിരിയാണ്. ഫോര്‍ട്ട് കൊച്ചിയിലെ നായകള്‍ക്ക് സ്ഥിരമായി ഭക്ഷണം കൊടുക്കുന്ന സക്കീര്‍ ജീവകാരുണ്യം തന്റെ ജീവിതത്തോടൊപ്പം കൊണ്ടുനടക്കുന്ന ഒരാള്‍ കൂടിയാണ്.

കഴിഞ്ഞ മാസം ദുബായില്‍ പൂച്ചയെ രക്ഷപ്പെടുത്തിയത് ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.കഴിഞ്ഞ മാസം എട്ടിനാണ് ദെയ്റ ഫ്രിജ് മുറാജിലായിരുന്നു സംഭവം അരങ്ങേറിയത്. വടകര സ്വദേശി റാഷിദ് ബിന്‍ മുഹമ്മദിന്റെ കടയില്‍ പതിവായി എത്തിയിരുന്ന പൂച്ചയായിരുന്നു തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ കുടുങ്ങിയത്. അകത്തേക്കും പുറത്തേക്കും പോകാനാകാതെ കുടുങ്ങിയ പൂച്ചയെ അതുവഴി പോവുകയായിരുന്ന ചിലര്‍ തുണി വിടര്‍ത്തിപ്പിടിച്ച് ചാടിക്കുകയായിരുന്നു. പൂച്ച സുരക്ഷിതമായി താഴെ എത്തുകയും ചെയ്തു. ഈ സംഭവം റാഷിദ് വീഡിയോ പകര്‍ത്തി ഇന്‍സ്റ്റന്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും അത് വൈറലാവുകയും ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പാരിതോഷികവും അഭിനന്ദനങ്ങളും നല്‍കിയിരുന്നു