കോടതി ഉത്തരവ് ലംഘിച്ചു കൊണ്ട് ദമ്പതികളുടെ അറസ്റ്; സിഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Crime Keralam News

കൊച്ചി: കോടതിയുടെ ഉത്തരവ് ലംഘിച്ചു കൊണ്ട് എഴുകോണിലെ ദമ്പതികളെ അറസ്റ് ചെയ്യാനൊരുങ്ങിയ സിഐക്കെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ എഴുകോണ്‍ സിഐ ശിവപ്രകാശിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി, ഇനി കോടതിയുടെ അറിവോടെയല്ലാതെ വിഷയത്തിൽ പോലീസ് ഇടപെടരുതെന്നും നിർദേശിച്ചിട്ടുണ്ട്. കരസേനാ ഉദ്യോഗസ്ഥനായിരുന്ന ഉദയനെയും ഭാര്യ സിമിയെയുമാണ് പോലീസ് ഉത്തരവ് ലംഘിച്ചു കൊണ്ട് അറസ്റ് ചെയ്യാനൊരുങ്ങിയത്.

സിമിയുടെ സഹോദരനുമായുണ്ടായ കുടുംബവഴക്കിൽ ദമ്പതികളുടെ അറസ്റ് ഓഗസ്റ്റ് 27 ന് ഹൈക്കോടതി തടഞ്ഞിരുന്നു. പക്ഷെ ഇത് സംബന്ധിച്ചുള്ള ഉത്തരവ് തങ്ങൾക്ക് രണ്ടാഴ്ച കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന് പറഞ്ഞാണ് എഴുകോണ്‍ സിഐയും സംഘവും ഇവരെ അറസ്റ് ചെയ്യാനൊരുങ്ങിയത്. ഇതിന്റെ പേരിൽ പോലീസ് രാത്രി വീട്ടിൽ വന്ന് ഇരുവരെയും ഭീഷണിപ്പെടുത്തുകയും ജനാലകൾ തല്ലിത്തകർത്തെന്നും ദമ്പതികൾ ആരോപിക്കുന്നുണ്ട്.

ഇതോടൊപ്പം സഹോദരൻ നൽകിയ പരാതിയിൽ ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഇവർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. ഇവർക്കെതിരെ നടന്ന അക്രമത്തിൽ രണ്ടു പേർക്കും മുറിവേറ്റെന്ന് സര്‍ക്കാര്‍ ഡോക്ടര്‍ ഉൾപ്പെടെ സാക്ഷ്യപ്പെടുത്തിയിട്ടും, കേസെടുക്കാനാവശ്യമായ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്.

മൂന്നു പ്രാവശ്യം അതിക്രമത്തിനെതിരെ ദമ്പതികൾ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ആക്രമണം നടന്നതിന്റെ ദൃശ്യങ്ങൾ പോലീസുകാർക്ക് വാട്സ്ആപ്പ് മുഖേന അയച്ചു കൊടുത്തിട്ടും നടപടി എടുക്കാൻ അവർ തയ്യാറായിട്ടില്ല. കോടതിയുടെ അറസ്റ് തടഞ്ഞുവെച്ചു കൊണ്ടുള്ള ഉത്തരവ് ശ്രദ്ധയിൽ പെടാഞ്ഞത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് വിഷയത്തിൽ സിഐ നൽകിയ വിശദീകരണം