അന്‍വര്‍ എം.എല്‍.എ 50ലക്ഷംതട്ടിയ
കേസന്വേഷണത്തിന് തടസ്സം
കോവിഡാണെന്ന് ക്രൈബ്രാഞ്ച്

Breaking News Politics

മലപ്പുറം: അന്‍വര്‍ എം.എല്‍.എ 50ലക്ഷംതട്ടിയ കേസന്വേഷണത്തിന് തടസ്സം കോവിഡാണെന്ന്
ക്രൈബ്രാഞ്ച് സംഘം കോടതിയില്‍. മംഗലാപുരത്ത് ക്രഷര്‍ ബിസിനസിനെന്ന് പറഞ്ഞ് മലപ്പുറം പട്ടര്‍കടവ് സ്വദേശി നടുത്തൊടി സലീമിന്റെ പണം തട്ടിയ കേസിലാണ് കര്‍ണാടകയിലെ കോവിഡ് നിയന്ത്രണങ്ങളാണെന്നാണ് കസേന്വേഷണത്തിന് തടസമെന്ന് ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി: പി.വിക്രമന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ ഇനി രണ്ടു മൂന്ന് കാര്യങ്ങള്‍കൂടി ക്ലിയര്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതെല്ലാം എം.എല്‍.എയെ സംരക്ഷിക്കാനുള്ള നീക്കമാണെന്നാണ് പരാതിക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്. കര്‍ണാടകയില്‍ കോവിഡ് ലോക്ഡൗണ്‍ ഒഴിവാക്കുകയും കോളേജുകളും സ്‌കൂളുകളും വരെ തുറക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോവിഡ് നിയന്ത്രണം കേസന്വേഷണത്തിന് തടസമാണെന്ന വിചിത്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

തട്ടിപ്പുകേസ് അട്ടിമറിച്ചെന്ന പരാതിയെ തുടര്‍ന്ന് കോടതി അന്വേഷണ സംഘത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതു പ്രകാരമാണ് മഞ്ചേരി ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ഇനി രണ്ട് മൂന്ന് കാര്യങ്ങളില്‍ ക്ലാരിറ്റി വരുത്താനുണ്ടെന്ന് ക്രൈംബ്രഞ്ച് ഡി.വൈ.എസ്.പി: പി.വിക്രമന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ മംഗലാപുരത്തെ സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും ഇവകൂടി ശേഖരിച്ചാലെ മറ്റുനടപടികളിലേക്കുപോകാന്‍ കഴിയൂവെന്നും വിക്രമന്‍ പറഞ്ഞു.

കേസിന് ആധാരമായ ക്രഷറും അനുബന്ധ മുതലുകളും സംബന്ധിച്ച് മംഗലാപുരത്തെ സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവന്ന ശേഷം മംഗലാപുരത്തെത്തി അന്വേഷണം നടത്തും. ഇതിനു ശേഷം അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രഷറും അനുബന്ധ മുതലുകളും അന്‍വറിന് കൈമാറിയ കാസര്‍കോട് സ്വദേശിയോട് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശച്ചിട്ടുണ്ട്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി രണ്ടരവര്‍ഷം പിന്നിട്ടിട്ടും പുരോഗതിയില്ലെന്നും വ്യാജരേഖകള്‍ ചമച്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ മലപ്പുറം പട്ടര്‍കടവ് സ്വദേശി സലീം ആണ് കോടതിയെ സമീപിച്ചത്. ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തിലെ കെ.ഇ സ്റ്റോണ്‍സ് ആന്‍ഡ് ക്രഷര്‍ എന്ന സ്ഥാപനം വിലയ്ക്കുവാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതവും നല്‍കാമെന്നും പറഞ്ഞ് അന്‍വര്‍ സലീമില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.