വിദ്യാര്‍ത്ഥികളുടെകൊഴിഞ്ഞുപോക്ക്;ഛത്തീസ്ഗഡിൽ 500 ഓളം സ്വകാര്യ സ്കൂളുകൾ പൂട്ടി

Breaking News

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതും തുടർന്നുള്ള ലോക്ഡൗണും കാരണം വിദ്യാർത്ഥികൾ കൊഴിഞ്ഞതോടെ ഛത്തീസ്ഗഡിൽ 500 ഓളം സ്വകാര്യ സ്കൂളുകൾ പൂട്ടിയതായി റിപോർട്ട്. വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഉൾപ്പെടെ ലഭിക്കാത്തത് കാരണം വരുമാനം നിലച്ചതോടെ സാമ്പത്തിക നഷ്ടമുണ്ടായതും സ്കൂളുകൾ കൂട്ടത്തോടെ പൂട്ടാൻ കാരണമായി. സ്കൂളുകൾ പൂട്ടുന്നതായി ഈ സ്ഥാപനങ്ങളിലെ മാനേജർമാർ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിൽ മാത്രം 35 സ്വകാര്യ സ്കൂളുകൾ സാമ്പത്തിക നഷ്ടം കാരണം പൂട്ടുന്നതായി ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിച്ചിട്ടുണ്ട്.

സ്വകാര്യ സ്കൂളുകൾ ഇത്തരത്തിൽ കൂട്ടത്തോടെ പൂട്ടുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ കാര്യമായി ബാധിക്കും. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഇത്തരം സ്വകാര്യ സ്കൂളുകളിൽ സൗജന്യ വിദ്യാഭ്യാസം നേടുന്ന 20000 ഓളം വിദ്യാർഥികളുടെ പഠനത്തെയും ഇത് കാര്യമായി ബാധിക്കും. വളരെ സാധാരണക്കാരായ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇത്തരത്തിൽ സൗജന്യ വിദ്യാഭ്യാസം നേടുന്നത്. കൂടാതെ, സ്വകാര്യ സ്കൂളുകളിലെ നൂറു കണക്കിന് അധ്യാപർക്കും ജീവനക്കാർക്കും ജോലി നഷ്ടപ്പെടാൻ ഇത് കാരണമാവും.