65 ലക്ഷം രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ യുവാവ് പിടിയിൽ.

News

മലപ്പുറം : ജിദ്ദയിൽനിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം മൂന്നിയൂർ സ്വദേശിയായ പതിയിൽ വിജേഷിൽ (33) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 65 ലക്ഷം രൂപ വില മതിക്കുന്ന 1165 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി . വിജേഷ് തൻ്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സുലുകളിൽനിന്നും ആണ് കസ്റ്റംസ് ഈ സ്വർണ്ണ മിശ്രിതം പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ മറ്റു തുടർനടപടികൾ സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത പ്രതിഫലമായ ഒരു ലക്ഷം രൂപയ്ക്കു വേണ്ടിയാണ് ഇങ്ങനെ കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് വിജേഷ് കസ്റ്റംസ് ഇദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.