ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം രൂപ കവർന്നത് അന്തർ സംസ്ഥാന കവർച്ചാ സംഘം. രണ്ടു പേർ അറസ്റ്റിൽ

News

എടവണ്ണ: ബൈക്ക് യാത്രക്കാരനായ യുവാവിനെ കാറിടിച്ച് വീഴ്ത്തി ലക്ഷങ്ങൾ കവർന്നത് അന്തർ സംസ്ഥാന കവർച്ചാ സംഘം . രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ രാമപുരം സ്വദേശി വിമൽ കുമാർ (ഉണ്ണി 32), ആലപ്പുഴ മുതുകുളം സ്വദേശിയും മുതുകുളം പഞ്ചായത്ത് മെമ്പറുമായ കടേശ്ശേരിൽ മിഥുലേഷ്(30) എന്നിവരെ ആണ് പ്രത്യേക അന്വേഷണ സംഘം ആലപ്പുഴയിൽ നിന്നും പിടികൂടിയത്.
03.04.23 ന് ഉച്ചക്ക് 02.00 മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഇരുമ്പുഴി സ്വദേശിയായ യുവാവ് ബൈക്കിൽ കൊണ്ടുവരികയായിരുന്ന 26 ലക്ഷം രൂപയാണ് കാറിലെത്തിയ പ്രതികൾ കവർന്നെടുത്തത്. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കിനെ സിഫ്റ്റ് കാറിലും ബൈക്കിലുമായി പിൻതുടർന്നു വന്ന പ്രതികൾ സി എൻ ജി പാതയിൽ കുണ്ടോട് പെട്രോൾ പമ്പിന് സമീപം എത്തിയപ്പോൾ ബൈക്കിൽ ഇടിച്ചു വീഴ്ത്തി യുവാവിനെ ബലമായി കാറിൽ പിടിച്ചു കയറ്റുകയായിരുന്നു. ബൈക്കിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന പ്രതികൾ ബൈക്ക് റോഡരികിൽ ഉപേക്ഷിച്ചു. യുവാവിനെ കാറിൽ വെച്ചു മർദ്ധിച്ച ശേഷം മൊബൈലും പഴ്സും പിടിച്ചു വാങ്ങിയ ശേഷം മമ്പാട് മേപ്പാടത്ത് ഇറക്കിവിടുകയായിരുന്നു. തുടർന്ന് യുവാവിൻ്റെ പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത പോലീസ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നിലമ്പൂർ ഡി വൈ എസ് പി സാജു.കെ.അബ്രഹാമിൻ്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യാജ നമ്പർ പ്ലേറ്റു വെച്ച കാറാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടർന്നു സമാന കുറ്റകൃത്യങ്ങളിൾ ഉൾപ്പെട്ട കുറ്റവാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുമ്പും നിരവധി കവർച്ചാ കേസ്സുകളിൾ ഉൾപ്പെട്ട സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. ആലപ്പുഴയിൽ നിന്നും വാടകക്കെടുത്ത കാറാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. കാർ വാടകക്കെടുത്തു കൊടുത്തതും സംഭവത്തിനു ശേഷം പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിനുമാണ് മിഥുലേഷിനെ അറസ്റ്റ് ചെയ്തത്. കവർച്ചയെ കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നു. സംഘത്തിലുൾപ്പെട്ട മറ്റുള്ളവരെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തി വരുന്നു. എസ് ഐ മാരായ വിജയരാജൻ.വി, അബ്ദുൾ അസീസ്, എ എസ് ഐ സുഭാഷ്, സ്ക്പോ സതീഷ് കുമാർ, ഡാൻസാഫ് അംഗങ്ങളായ സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.