അയ്യപ്പ പണിക്കർ സ്മാരക കവിതാ പുരസ്‌കാരം ഡോ. പൂജ ഗീതക്ക്

Local News

മലപ്പുറം: പ്രഗത്ഭ ഭാഷാ പണ്ഡിതനും സാഹിത്യ സൈദ്ധാന്തികനുമായിരുന്ന ഡോ. കെ. അയ്യപ്പപ്പണിക്കരുടെ സ്മരണക്കായി ഏർപ്പെടുത്തിയ അയ്യപ്പ പണിക്കർ സ്മാരക കവിതാ പുരസ്‌കാരം എഴുത്തുകാരിയും അധ്യാപികയുമായ ഡോ. പൂജ ഗീതക്ക്‌. കോഴിക്കോട് ടി ബി എസ് പൂർണ പബ്ലിക്കേഷൻസ് 2021 ൽ പ്രസിദ്ധീകരിച്ച പൂജ ഗീതയുടെ “കൊത്തിവെച്ച ശിലകൾക്കും പറയാനുണ്ട്” എന്ന കവിതാ സമാഹരമാണ് പുരസ്‌കാരത്തിന് അർഹമായത്. തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റും അദ്ധ്യാപകനും സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ഡോ. ജോർജ് ഓണക്കൂർ പുരസ്‌കാരം സമർപ്പിച്ചു.

ആർ കെ രവിവർമ്മയുടെ പേരിലുള്ള സംസ്ഥാന കവിതാ പുരസ്‌കാരം ഡോ. പൂജ ഗീതയുടെ ഇതേ കവിതാ സമാഹാരത്തിന് കഴിഞ്ഞ ഒക്ടോബറിൽ ലഭിച്ചിരുന്നു.

മഞ്ചേരി മേലാക്കം സ്വദേശിയായ ഡോ. പൂജ ഗീത കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജ് സംസ്‌കൃത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവിയുമാണ്. ഭർത്താവ് പ്രവീൺ. മക്കൾ നവ്യ ജി പ്രവീൺ, നമ്യ ജി പ്രവീൺ