ബസില്‍ നിന്നും വയോധികയുടെ രണ്ടുപവന്റെ സ്വര്‍ണമാല കവര്‍ന്നു. ബസ് പോലീസ് സ്‌റ്റേഷനിലെത്തിച്ചിട്ടും കള്ളനെ കിട്ടിയില്ല. കണ്ണീരുമായി സ്റ്റേഷനില്‍ മുന്നില്‍ കരഞ്ഞ് തളര്‍ന്ന് ചക്കി

Local News

മലപ്പുറം: മലപ്പുറം തിരൂര്‍ വൈരംകോട് ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണ മാല ബസില്‍ നിന്ന് കവര്‍ന്നു. ബസ്, യാത്രക്കാരുമായി പൊലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തിയെങ്കിലും ആഭരണം കണ്ടെത്താനായില്ല. സംഭവം ഇന്ന് രാവിലെ. തിരൂര്‍ എടരിക്കടവ് സ്വദേശിനി ചക്കിക്ക് നഷ്ടമായത് രണ്ട് പവനോളം തൂക്കം വരുന്ന മാല. കണ്ണീരുമായി സ്റ്റേഷനില്‍ മുന്നില്‍ കരഞ്ഞ് തളര്‍ന്ന് ചക്കി.
സഹോദരികളായ നീലി, കാളി എന്നിവരോടൊപ്പം തിരൂരിലേക്ക് വരുന്നതിനിടെയാണ് ചക്കിയുടെ കഴുത്തില്‍ നിന്ന് മാലനഷ്ടമായത്. വൈരംകോട് ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്നു സംഘം. മാല നഷ്ടമായ വിവരം അറിഞ്ഞയുടന്‍ ചക്കി ബഹളംവെച്ചതോടെ യാത്രക്കാരുമായി ബസ് തിരൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. യാത്രക്കാരെ മുഴുവന്‍ ദേഹപരിശോധനക്ക് വിധേയമാക്കിയെങ്കിലും മാല കണ്ടെടുക്കാനായില്ല. മാല നഷ്ടപ്പെട്ട വിവരം അറിയുന്നതിന് തൊട്ട്മുമ്പായി മൂന്ന് പേരുള്ള സ്ത്രീ സംഘം തിരക്കിട്ട് ബസില്‍ നിന്ന് ഇറങ്ങിയിരുന്നുവെത്രെ. വൈരംകോട് ഉത്സവമായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. ഈ തിരക്ക് മുതലെടുത്താണ് കവര്‍ച്ച നടത്തിയത്. ബസില്‍ നിന്ന് തിരക്കിട്ട് ഇറങ്ങിയ സംഘമാകും മാല കവര്‍ന്നതെന്നാണ് സംശയം. കൂലിപ്പണിക്ക് പോയി സ്വരുക്കൂട്ടിയ പണമുപയോഗിച്ച് വാങ്ങിയ ആഭരണമാണ് ചക്കിക്ക് നഷ്ടമായത്. ഈ വേദനയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കണ്ണീരോടെ ചക്കി ഇരുന്നത് വേദനിപ്പിക്കുന്ന കാഴ്ചയായി.