കരിപ്പൂർ വിമാനത്താവളത്തിൽ, വിമാനത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന 467 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മിശ്രിതം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി

Keralam News

മലപ്പുറം :കരിപ്പൂർ വിമാനത്താവളത്തിൽ, വിമാനത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന 467 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മിശ്രിതം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്ന് രാവിലെ ദുബായിൽ നിന്നും വന്ന ഇൻഡിഗോ എയർലൈൻസ് വിമാനത്തിൻ്റെ പുറകുവശത്തുള്ള ഒരു വിന്ഡോ സീറ്റിൻ്റെ വശത്തുള്ള പാനലിൻ്റെ അടിയിൽ, ദീർഘ ചതുരാകൃതിയിലുള്ള ഒരു പാക്കറ്റിൽ അതി വിദഗ്ദ്ധമായാണ് പ്രസ്തുത സ്വർണ്ണം ഒളിപ്പിച്ചു വച്ചിരുന്നത്. തങ്ങൾ ശേഖരിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ വിമാനത്തിനകത്ത് നടത്തിയ പരിശോധനയിലാണ് സ്വർണ്ണ മിശ്രിതം കണ്ടെടുത്തത്. പ്രസ്തുത സ്വർണ്ണ മിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 395.55ഗ്രാം 24കാരറ്റ് സ്വർണ്ണം ലഭിക്കുകയുണ്ടായി. വിപണിയിൽ ഇതിന് 22.44 ലക്ഷം രൂപ വിലവരും.
ഇങ്ങനെ സ്വർണം കള്ളക്കടത്തു നടത്തുവാൻ ശ്രമിച്ച യാത്രക്കാരനെ കണ്ടെത്തുവാനുള്ള അന്വേഷണം തുടരുകയാണ്.