വനിതാ ലോകകപ്പില്‍ കീരീടം നേടിയ ഇന്ത്യന്‍ ടീമില്‍ മലപ്പുറത്തുകാരിയും

Keralam News Sports

മലപ്പുറം: വനിതാ ലോകകപ്പില്‍ കീരീടം നേടിയ ഇന്ത്യന്‍ ടീമില്‍ മലപ്പുറത്തുകാരിയും. ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ഏറെ സന്തോഷിക്കുന്നത് മലപ്പുറത്തെ പറവണ്ണ ക്കാരും നജ്ലയുടെ കുടുംബവുമാണ്. ലോകകപ്പ് വിജയത്തില്‍ മലയാളി താരം സി.എം.സി. നജ്ലയുടെ പങ്ക് വളരെ വലുതാണ്. ഇന്ത്യയുടെ റിസര്‍വ് ടീമിലാണ് നജ്ല ഇടം പിടിച്ച് ദക്ഷിണാഫ്രിക്കയിലേക്ക് പറന്നത്.
ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ആദ്യമായാണ് ഇന്ത്യയുടെ വനിതാ ടീം ലോകകപ്പ് നേടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച അണ്ടര്‍ 19 വനിതാ ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴു വിക്കറ്റ് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ വനിതകളുടെ ആദ്യ കിരീടമാണിത്.
സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായ നജ്ല അണ്ടര്‍ 16 വിഭാഗത്തില്‍ നേരത്തെ രണ്ടു തവണ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു.
ജനതാ ബസാര്‍ ശാന്തിനഗര്‍ സ്വലാഹ് എല്‍.പി.സ്‌കൂളിലായിരുന്നു നജ്ലയുടെ നാലാം ക്ലാസ് പഠനം. അക്കാലത്ത് തന്നെ നജ്ലയുടെ കലാ-കായിക രംഗത്തുള്ള മികവ് അധ്യാപകര്‍ തിരിച്ചറിഞ്ഞിരുന്നു. സ്ത്രീധനത്തിനെതിരെയുള്ള അക്കാലത്തെ സ്‌കൂള്‍ വാര്‍ഷിക യോഗത്തിലെ പ്രസംഗത്തിന് നജ്ല ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

അണ്ടര്‍ 19 പെണ്‍കുട്ടികള്‍ക്കുള്ള ചലഞ്ചര്‍ ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ഡി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി മുറിവഴിക്കല്‍ സ്വദേശിനിയായ നജ്ല തന്നെയായിരുന്നു. അണ്ടര്‍ 19 വനിതാ ലോകകപ്പിനായി ഇന്ത്യന്‍ ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാണ് അന്നു താരങ്ങളെ നാല് ടീമുകളായി തിരിച്ച് ചലഞ്ചര്‍ ട്രോഫി നടത്തിയിരുന്നത്. ആദ്യമായാണ് വനിതാ ക്രിക്കറ്റില്‍ കേരള താരം ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നത്. ഓള്‍റൗണ്ടര്‍ പ്രകടനത്തിലൂടെയാണ് നജ്ല ടീം ക്യാപ്റ്റനായത്. കേരളത്തിനുവേണ്ടി കാഴ്ചവച്ച മികച്ച പ്രകടനവും മൊഹാലിയിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലെ മിന്നുന്ന പ്രകടനവുമാണ് ഈ പതിനെട്ടുകാരിയെ ഇന്ത്യന്‍ ടീമിലേക്കെത്തിച്ചത്.

നജ്ലയുടെ കീഴില്‍ അണ്ടര്‍ 16ല്‍ നോര്‍ത്ത് സോണ്‍ ടീം ജേതാക്കളായിരുന്നു. അണ്ടര്‍ 19 നോര്‍ത്ത് സോണ്‍ ടീമിനെയും നയിച്ചിട്ടുണ്ട്. അണ്ടര്‍ 16, 19 കേരള ടീമിന്റെയും ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കെസിഎക്കു കീഴിലുള്ള വയനാട് ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ഓള്‍ റൗണ്ടറാണെങ്കിലും ബൗളിങ്ങാണ് മികവ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തിരുവാലിയില്‍ നടന്ന മലപ്പുറം ജില്ലാ ടീമിലേക്കുള്ള അണ്ടര്‍ 16 സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തതാണ് നജ്ലക്ക് വഴിത്തിരിവായത്. മുറിവഴിക്കല്‍ സി എം സി നൗഷാദിന്റെയും കെ വി മുംതാസിന്റെയും ഇളയമകളാണ്. സഹോദരങ്ങള്‍: സൈദ് മുഹമ്മദ്, നൗഫീല.