കാലിക്കറ്റ് യൂണിവേഴ്സിറ്റി നീന്തല്‍കുളത്തില്‍ 22 കാരനായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ദൂരൂഹതയില്‍ പോലീസ് അന്വേഷണം തുടങ്ങി..

News

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസിലെ നീന്തല്‍കുളത്തില്‍ 22കാരനായ വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍
മുങ്ങിമരിച്ചനിലയില്‍. മലപ്പുറം എടവണ്ണ എസ്.എച്ച്.എം.ജി.വി.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും എഴുത്തുകാരനുമായ കല്ലിടുമ്പ്
അബ്ദുള്ളകുട്ടിയുടെ മകന്‍ ഷെഹന്‍(22)ആണ് മരണപ്പെട്ടത്. ഇന്നു രാവിലെയാണ് നീന്തല്‍കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 6.30 ഓടെ പതിവായി നീന്തല്‍ കുളം തുറന്നിരുന്നത്. പുലര്‍ച്ചെ അഞ്ചു മണിയോടെ മതില്‍ചാടിക്കടന്നാണ് കുട്ടികള്‍ നീന്തല്‍കുളത്തില്‍ എത്തിയത്. ഷെഹന്റെ മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ മൊഴിയെടുക്കുന്നുണ്ട്.
മാതാവ് : റുമാന എം. സഹോദരി : ഹെന്ന പി
2019ലാണു കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നീന്തല്‍കുളം ആരംഭിച്ചത്. രാജ്യാന്തര നിലവാരമുള്ള നീന്തല്‍ കുളം അന്നു മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കാലിക്കറ്റ് സര്‍വകലാശാല കായികവിഭാഗത്തിന് കീഴിലാണിത്. മലബാറിലെ ആദ്യത്തെ രാജ്യാന്തര നിലവാരമുള്ള നീന്തല്‍കുളമാണിത്. അഞ്ചരക്കോടി രൂപ ചെലവില്‍ നിര്‍മിച്ച കുളത്തില്‍ 10 ട്രാക്കുകളോട് കൂടിയ , 50 മീറ്റര്‍ മല്‍സര പൂളും,
25 മീറ്റർ വാം അപ് പൂളുമാണുള്ളത്. .25 ലക്ഷം ലിറ്റര്‍ വെള്ളമാണ് നീന്തല്‍ കുളത്തിന്റ സംഭരണ ശേഷി.സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പുറമെ ചെറിയ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനത്തിന് സൗകര്യമുണ്ട്. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ഫീസ് നല്‍കി നീന്തല്‍കുളം ഉപയോഗിക്കാനുളള സൗകര്യവും ഒരുക്കിയിരുന്നു.