‘മതം വേണോ മനുഷ്യന്’ മലപ്പുറം തിരൂരില്‍ വീണ്ടും ഇസ്ലാമിക പണ്ഡിതനും സ്വതന്ത്രചിന്തകനും തമ്മില്‍ ഏറ്റുമുട്ടുന്നു..

News

മലപ്പുറം: ‘മതം വേണോ മനുഷ്യന്’ എന്ന വിഷയത്തില്‍ വീണ്ടും ഏറ്റുമുട്ടല്‍. മലപ്പുറം തിരൂരില്‍ ഇസ്ലാമിക പണ്ഡിതന്‍ ഷുഹൈബുല്‍ ഹൈത്തമിയുമായി സ്വതന്ത്രചിന്തകനും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റും പ്രഭാഷകനുമായ ആരിഫ് ഹുസൈന്‍ തെരുവത്തും തമ്മിലാണ് സംവാദം. നേരത്തെ മുജാഹിദ് പണ്ഡിതന്‍ എം എം അക്ബറും സ്വതന്ത്രചിന്തകനായ ഇ.എ ജബ്ബാറും തമ്മിലാണ് സംവാദം ഏറെ ചര്‍ച്ചയായിരുന്നത്.
ഇതിനുശേഷമാണ് ഇസ്ലാമും സ്വതന്ത്രചിന്തയും നേരിട്ട് ഏറ്റുമുട്ടുന്ന മറ്റൊരു സംവാദത്തിന് മലപ്പുറം സാക്ഷിയാകാന്‍ പോകുന്നത്.

‘മതം വേണോ മനുഷ്യന് ‘ എന്ന വിഷയത്തിലാണ് സംവാദം. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനമായ, എസ്സെന്‍ഷ്യയിലാണ് സംവാദം നടക്കുന്നത്. ഡിസംബര്‍ 11 തിരൂര്‍, വാഗണ്‍ ട്രാജഡി ഹാളിലാണ് ‘നോക്കൗട്ട്’ എന്ന പേരിട്ട പരിപാടി നടക്കുന്നത്.

കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ സജീവമാണ് ആരിഫ് ഹുസൈന്‍ തെരുവത്തും, ഷുഹൈബുല്‍ ഹൈത്തമിയും. ഹോമിയോപ്പതി ഡോക്ടര്‍ ആയിരുന്നു ആരിഫ് ഹുസൈന്‍ തെരുവത്ത്, ഹോമിയോപ്പതി കപടശാസ്ത്രമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന്, ഡോക്ടര്‍ പദവി ഉപക്ഷേിക്കയായിരുന്നു. ഹോമിയോപ്പതിക്കെതിരെ നിരവധി വീഡിയോകളും ആരിഫ് ഹുസൈന്‍ ചെയ്തിട്ടുണ്ട്. അതുപോലെ ഒരുകാലത്ത് കടുത്ത വിശ്വാസിയായിരുന്നു ആരിഫ് ഇസ്ലാമിലെ പൊള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞ് മതം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് എത്തുകയായിരുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇ കെ വിഭാഗത്തിന്റെ വക്താവും, പണ്ഡിതനുമായ ഷുഹൈബുല്‍ ഹൈത്തമി, അറിയപ്പെടുന്ന ഇസ്ലാമിക പ്രഭാഷകനാണ്. കാപ്പട് നന്തി ദാറുസ്സലാം അറബിക്ക് കോളജിലെ മുദരിസ് ആണ്. വിവിധ ആരോപണങ്ങള്‍ക്ക് മറുപടി പറയാനായി, സമസ്ത ഇ കെ വിഭാഗം രൂപം കൊടുത്ത സമീക്ഷ കള്‍ച്ചറല്‍ ഫോറത്തിന്റെ തലവനാണ്. സമകാലീന വിഷയങ്ങളില്‍ ഇസ്ലാമിക മാനം നല്‍കിക്കൊണ്ടും, ഇസ്ലാമിനെതിരെ ഉയരുന്ന വിവാദ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞും സോഷ്യല്‍ മീഡിയയിലൂടെ വലിയൊരു ഫോളോവേഴ്സിനെ നേടാനും ഹൈത്തമിക്ക് ആയി. സോഷ്യല്‍ മീഡിയയില്‍ സ്വതന്ത്രചിന്തകരും, ഇസ്ലാമിസ്റ്റുകളും നടത്തുന്ന തുടര്‍ച്ചയായ സംവാദത്തിന്റെ ഒടുവിലാണ് ഈ പരസ്യ സംവാദം ഉണ്ടാവുന്നത്.

തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ ഡിസംബര്‍ 11 രാവിലെ 9 മണിമുതല്‍, വൈകീട്ട് 7.30 വരെ നടക്കുന്ന എസ്സ്യന്‍ഷ്യയില്‍ ഇത്തവണ വൈവിധ്യങ്ങളായ പരിപാടികളാണ് നടക്കുന്നത്. ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയിലെ ഫെലോയും
പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ കാന എം സുരേശന്റെ ‘എന്താണ് മരുന്ന് എന്തല്ല, മരുന്ന്?’ എന്ന വിഷയത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്. തുടര്‍ന്ന് ധന്യ ഭാസ്‌ക്കരന്‍, ഡോ കെ എം ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും. 11 മണിക്ക് ചന്ദ്രശേഖര്‍ രമേഷും, മനൂജാ മൈത്രിയും ചേര്‍ന്ന് നടത്തുന്ന ലൈവ് റോസ്റ്റിങ്ങാണ് ഇത്തവണത്തെ എസ്സെന്‍ഷ്യയിലെ പ്രത്യേക വിഭവം. ഡോ അലക്സാണ്ടര്‍ ജേക്കബ് തൊട്ട്, ജേക്കബ് വടക്കേഞ്ചേരി വരെയുള്ള ‘വാട്സാപ്പ് കേശവമാമന്മാര്‍’ ഉയര്‍ത്തുന്ന ആശാസ്ത്രീയതക്കും ഭീതി വ്യാപാരത്തിനുമുള്ള മറുപടിയാണ് ഈ സെഷനില്‍ നടക്കുക.

ബിജുമോന്‍ എസ് പി, കൃഷ്ണപ്രസാദ്, ജാഫര്‍ ചളിക്കോട്, മുഹമ്മദ് നസീര്‍ തുടങ്ങിയവരാണ് തുടര്‍ന്ന് സംസാരിക്കുന്നത്. ഉച്ചക്ക് ശേഷം 2.40 മുതല്‍ 4.40വരെയുള്ള രണ്ടുമണിക്കുര്‍ സമയത്തിലാണ് ആരിഫ് ഹൂസൈന്‍ തെരുവത്തും, ഷുഹൈബുല്‍ ഹൈത്തമിയും തമ്മിലെ സംവാദം നടക്കുന്നത്. തുടര്‍ന്ന് വിഷ്ണു അജിത്ത്, ജാമിത ടീച്ചര്‍, പ്രസാദ് ഹോമോസാപ്പിയന്‍ എന്നിവര്‍ സംസാരിക്കും. വൈകീട്ട് 6.40ന് സി രവിചന്ദ്രന്റെ സെഷനോടെ പരിപാടികള്‍ക്ക് സമാനമാവും. ‘തലയില്‍ തേങ്ങ വീണ നാസ്തികര്‍’ എന്ന വിഷയമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കേരളത്തിലെ നാസ്തികതയുടെ ചരിത്രവും, അവര്‍ എന്തുകൊണ്ട് പരിഹസിക്കപ്പെടുന്ന സാഹചര്യം ഉണ്ടായി എന്നതും, സംഘടിത മതത്തിന്റെ സമ്മര്‍ദവുമൊക്കെയാണ് ഇതില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്