കാല്‍നൂറ്റാണ്ടായ താമസം പുലിയും കാട്ടാനയും വിഹരിക്കുന്ന കൊടുംകാട്ടിൽ..

News

മലപ്പുറം: കാല്‍നൂറ്റാണ്ടുകാലമായി പുലിയും കാട്ടാനയും വിഹരിക്കുന്ന കൊടുംകാട്ടിലെ ഗുഹയില്‍ തനിച്ചു താമസിക്കുന്ന ചാത്തന് നട
ണയാന്‍ മോഹം. 25വര്‍ഷം മുമ്പു വന വിഭവങ്ങള്‍ ശേഖരിക്കാന്‍ ചാലിയാര്‍പ്പുഴ കടന്നെത്തിയ ചാത്തന്‍ പിന്നെ നാട്ടിലേക്കു മടങ്ങിപ്പോയിട്ടില്ല. എന്നാലിപ്പോള്‍ പ്രായാധിക്യം കാരണം എന്തെങ്കിലും സംഭവിച്ചാല്‍പോലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ്. എന്നാലിപ്പോള്‍ കാടിറങ്ങണമെന്നാണ് ചാത്തന്റെ ആഗ്രഹമെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ചാത്തനെ തിരികെയെത്തിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ലെന്നാണ് ആരോണം. തിരിച്ചറിയല്‍ രേഖകളൊന്നുമില്ലാത്തതിനാലാണ് അധികൃതര്‍ ഏറ്റെടുക്കാന്‍ തയാറാകാത്തത്.

കേരള തമിഴ്നാട് അതിര്‍ത്തിയായ ചോലാടി മീന്‍മുട്ടി വെള്ളച്ചാട്ടത്തിനടുത്തുള്ള ഇടുങ്ങിയ ഗുഹയിലാണ് ചാത്തന്‍ കഴിയുന്നത്. മലപ്പുറം വഴിക്കടവ് വനം റേഞ്ചിന് പരിധിയിലാണ് ചാത്തന്‍ താമസിക്കുന്നതെങ്കിലും തമിഴ്നാട്ടിലെ ചേരമ്പാടിയാണ് തൊട്ടടുത്തുള്ള ജനവാസ കേന്ദ്രം. ആദ്യമൊക്കെ നാട്ടിലിറങ്ങി ജോലി ചെയ്തിരുന്നു. വീട്ടുകാരെക്കുറിച്ച് ചാത്തന് ഓര്‍മയില്ല. ഇപ്പോള്‍ എണീറ്റ് നടക്കാന്‍ പോലും പ്രയാസമാണ്. ചേരമ്പാടി വാച്ച്ടവറിലെ വനം വാച്ചറും പൊതുപ്രവര്‍ത്തകനുമായ ഉണിക്കാട് ബാലനാണ് കഴിഞ്ഞ നാലഒമാസമായി ചാത്തന് ഭക്ഷണവും മരുന്നും നല്‍കുന്നത്.

വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നിര്‍ദേശവും ഇതിനുണ്ട്. നാട്ടിലേക്ക് മടങ്ങാനുള്ള ചാത്തന്റെ ആഗ്രഹം നടക്കാന്‍ മലപ്പുറം കലക്ടറെ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നിന്നു ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറും ഡോക്ടര്‍മാരും അടങ്ങുന്ന സംഘം ചാത്തനെ കാണാനെത്തിയിരുന്നു. തിരിച്ചറിയല്‍ രേഖകളൊന്നുമില്ലാത്തതിനാല്‍ ട്രൈബല്‍ വകുപ്പ് ഏറ്റെടുക്കാന്‍ തയാറാകുന്നില്ല.
ഹൃദയാഘാതത്തിന്റെയും അരിവാള്‍ രോഗത്തിന്റെയും ലക്ഷണങ്ങളുണ്ടെന്നാണ് ചാത്തനെ പരിശോധിച്ചശേഷം ഡോക്ടര്‍ പറഞ്ഞത്.
കാലിന് നീരുള്ളതിനാല്‍ വിരലുകളുടെ ചലനം കുറഞ്ഞ് വരുന്നുണ്ട്. വിവിധ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ചാത്തന്റെ തുടര്‍ ചികിത്സയും മറ്റും സാങ്കേതിക കാരണങ്ങളുടെ പേരില്‍ തടയുന്നതിനെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍രംഗത്തുവരുന്നുണ്ട്.