തുഷാർ വെള്ളാപ്പള്ളിക്കു വീണ്ടും തെലങ്കാന പൊലീസിന്റെ നോട്ടിസ്

News

തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ബിഡിജെഎസ് അധ്യക്ഷനും എൻഡിഎ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിക്കു വീണ്ടും തെലങ്കാന പൊലീസിന്റെ നോട്ടിസ്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫിസിൽ ഹാജരാകണമെന്നാണ് നോട്ടിസ്.

ഇന്നലെ കേരള പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം കണിച്ചുകുളങ്ങരയിലെ തുഷാറിന്റെ ഓഫിസിലെത്തിയ തെലങ്കാന പൊലീസ് ഉദ്യോഗസ്ഥരാണ് നോട്ടിസ് നൽകിയത്. തുഷാറിനു വേണ്ടി അഡ്വ. സിനിൽ മുണ്ടപ്പള്ളി നോട്ടിസ് കൈപ്പറ്റി. തുഷാർ സ്ഥലത്തില്ലായിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന തെലങ്കാന ഹൈക്കോടതിയുടെ നിർദേശം ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് നൽകിയത്.

കഴിഞ്ഞ 21ന് ഹാജരാകണമെന്ന് അറിയിച്ചുള്ള നോട്ടിസുമായി നേരത്തെ തെലങ്കാന പൊലീസ് സംഘം കണിച്ചുകുളങ്ങരയിൽ എത്തിയിരുന്നു. അന്നും തുഷാർ സ്ഥലത്തില്ലായിരുന്നു. ഓഫിസ് ജീവനക്കാരാണ് നോട്ടിസ് വാങ്ങിയത്.ഇന്നലെ രാവിലെ 11 മണിയോടെ തെലങ്കാന പൊലീസിലെ ഇൻസ്പെക്ടറും മറ്റു രണ്ട് ഉദ്യോഗസ്ഥരുമാണ് എത്തിയത്.

തുഷാറിന്റെയും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിന്റെയും അറസ്റ്റ് തൽക്കാലം പാടില്ലെന്ന് കോടതി ഉത്തരവുണ്ട്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിനെ ബി.എൽ.സന്തോഷ് കോടതിയിൽ ചോദ്യം ചെയ്തിട്ടുമുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തെലങ്കാന ബിജെപി കോടതിയെ സമീപിച്ചിരുന്നു.