കെ.എസ്.ഇ.ബി സമരം ശക്തമാക്കുമെന്ന് സമരസമിതി

Keralam News

തിരുവനന്തപുരം : കെഎസ്ഇബി സമരം ശക്തമാക്കുമെന്ന് സംയുക്ത സമര സഹായ സമിതിയുടെ തീരുമാനം. നാളെ രാവിലെ 9.30 മുതല്‍ വൈദ്യുതി ഭവന്‍ വളയുമെന്നും മേയ് 16 മുതല്‍ നിരാഹാര സമരവും ചട്ടപ്പടി സമരവും തുടങ്ങുമെന്നും സമര സമിതി അറിയിച്ചു. സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ നേതാക്കള്‍ നാളെ വൈദ്യുതി മന്ത്രിയെ കാണാനാണ് സാധ്യത.

സിപിഐഎം അനുകൂല സംഘടനയായ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ ഇന്ന് മന്ത്രിതല ചര്‍ച്ച നടത്താനായിരുന്നു തീരുമാനമെങ്കിലും വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി പാലക്കാട് സര്‍വകക്ഷിയോഗം വിളിച്ചിട്ടുള്ളതിനാല്‍ നടക്കാതെ പോവുകയായിരുന്നു. സമരം പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നാളെ അസോസിയേഷന്‍ നേതാക്കള്‍ വൈദ്യുതി മന്ത്രിയെ കാണും.

കഴിഞ്ഞ ദിവസം അസോസിയേഷന്‍ നേതാക്കള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് സമരം ശക്തമാക്കാനുള്ള തീരുമാനമെടുത്തത്.