വയോധികനായ മുൻ പൊലീസുദ്യോഗസ്ഥന്റെ പല്ലടിച്ചുകൊഴിച്ച സംഭവം ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Crime Local News

ആലപ്പുഴ: വയോധികനായ മുൻ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ഡി ഐ ജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. എഴുപത്തിയഞ്ച് വയസുള്ള കാൻസർ രോഗബാധിതനായ മുൻ പൊലീസുദ്യോഗസ്ഥനെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് ചിലർ സംഘം ചേർന്ന് പല്ല് അടിച്ചു തെറിപ്പിക്കുകയും ഇടത് വാരിയെല്ല് ചവിട്ടി ഒടിക്കുകയും ചെയ്തിട്ടും അക്രമം നടത്തിയവരെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന ഹരിപ്പാട് പിലാപ്പുഴ മുറി സ്വദേശി ബഷീറുദ്ദീൻ ലബ്ബയുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

പരാതിക്കാരന്റെ മകനെ ആക്രമിച്ച കേസിൽ വസ്തുതകൾ അന്വേഷിക്കാനാണ് ബഷീറുദ്ദീന്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷന് സമീപത്തെത്തിയപ്പോൾ മകനെ ആക്രമിച്ചവർ പരാതിക്കാരന്റെ നേരെ ചാടി വീണ് രണ്ട് പല്ലുകൾ ഇളക്കുകയും വാരിയെല്ലിൽ ചവിട്ടുകയും ചെയ്തു, ഇത് സംബന്ധിച്ച ചികിത്സാ രേഖകൾ പരാതിക്കാരൻ കമ്മീഷന് മുന്നിൽ ഹാജരാക്കിയിരുന്നു.

ഡി ഐ ജി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അന്വേഷണം നടത്തി സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു.