ലക്ഷങ്ങളുടെ ഓട്ടുരുളി യുവാവ് അടിച്ചുമാറ്റി; അന്വേഷണവുമായി പോലീസ്

Crime Local News

കണ്ണൂര്‍: കണ്ണൂരിലെ കടകളിൽ കയറി ഓട്ടുരുളികള്‍ മോഷ്ടിക്കുന്ന യുവാവ് പൊലീസിന് തലവേദനയാവുന്നു. നഗരത്തില്‍ ലക്ഷങ്ങളുടെ ഉരുളി അടിച്ചുമാറ്റി മുങ്ങിയ ദിജില്‍ സൂരജിനെ പിടിക്കാന്‍ പരക്കം പായുകയാണ് പൊലീസ്. വാടകയ്ക്ക് സാധനങ്ങള്‍ കൊടുക്കുന്ന കടകളില്‍ കയറി ഉരുളിയും വാങ്ങി മുങ്ങുന്ന കള്ളന്‍ വളരെ മാന്യനായാണ് നടക്കുന്നത്. ജീന്‍സും ഷര്‍ട്ടുമിട്ട് ടിപ് ടോപ്പില്‍ കാറിലാണ് കള്ളൻ ദിജില്‍ സൂരജിന്റെ സഞ്ചാരം.

തളാപ്പിലെ ബിജുവിന്റെ കടയിൽ നിന്നാണ് പ്രതി ആദ്യം ഉരുളി മോഷ്ടിച്ചത്. ഒരാഴ്ചത്തേക്ക് കൊണ്ടുപോയ ഉരുളി മൂന്നാഴ്ചയായിട്ടും തിരികെ കിട്ടാഞ്ഞപ്പോഴാണ് മോഷ്ടിച്ചതാണെന്ന് മനസ്സിലായത്. ഇതിനോടകം നഗരത്തിലെ നാല് കടകളില്‍ നിന്നായി ഏഴ് ഉരുളികള്‍ ഇങ്ങനെ മോഷണം പോയിട്ടുണ്ട്. മൂന്ന് ലക്ഷത്തിന് മുകളിലാണ് നഷ്ടം കണക്കാക്കുന്നത്. പ്രതിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.