ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകനെക്കുറിച്ച് നുണ പ്രചാരണം നടത്തിയതിനെ തുടർന്ന് യുവാവിന് ശിക്ഷ വിധിച്ചു

Crime International News

ഫുജൈറ: യുഎഇയില്‍ ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകനെക്കുറിച്ച് നുണപ്രചാരണം നടത്തിയ യുവാവിന് ശിക്ഷ. മറ്റുള്ളവര്‍ക്ക് മുന്നില്‍വെച്ച് അപമാനിച്ചതിനും വാസ്‍തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിച്ചതിനും 35 വയസുകാരനായ യുവാവിന് ഫുജൈറ കോടതി 1000 ദിര്‍ഹമാണ് പിഴ വിധിച്ചത്.

ഓഫീസില്‍ ഒപ്പം ജോലി ചെയ്യുന്നയാളാണ് യുവാവിനെതിരെ പരാതി നല്‍കിയത്. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിന്റെ പേരില്‍ തനിക്കെതിരെ പൊലീസ് കേസുണ്ടെന്നും ഇയാള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞതായാണ് പരാതിയില്‍ ആരോപിച്ചിരുന്നത്. അന്വേഷണത്തിനൊടുവില്‍ ജോലി സ്ഥലത്തുവെച്ച് യുവാവ് സഹപ്രവര്‍ത്തകനെ അപമാനിച്ചതായും മയക്കുമരുന്ന് ഉപയോഗവും വഞ്ചനയും അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതായും കണ്ടെത്തി.ഓഫീസിലെ രണ്ട് സഹപ്രവര്‍ത്തകര്‍ പ്രതിക്കെതിരെ മൊഴി നല്‍കുകയും ചെയ്‍തു.