പോക്സോ കേസ്: ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്ന് പൊട്ടിക്കരഞ്ഞ് പെൺകുട്ടിയുടെ അമ്മ

Crime Keralam News

മലപ്പുറം: ഇന്ന് രാവിലെ മലപ്പുറം തേഞ്ഞിപ്പലത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പോക്സോ കേസിലെ ഇരയായ പെൺകുട്ടി ഇതിന് മുമ്പും പല തവണ ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്ന് അമ്മ. പല തവണ പതിനെട്ടുകാരിയായ പെൺകുട്ടി കൈഞരമ്പ് മുറിയ്ക്കുകയും ഉറക്കഗുളികകൾ കഴിക്കുകയും ചെയ്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്നെല്ലാം എങ്ങനെയെങ്കിലും അവളെ കൗൺസലിംഗിനും ചികിത്സയ്ക്ക് വിധേയയാക്കണമെന്നും ശിശുസംരക്ഷണകേന്ദ്രത്തിലെത്തിക്കണമെന്നും താൻ അധികൃതരോട് പല കുറി പറഞ്ഞെങ്കിലും ആരും കേട്ടില്ലെന്നും അമ്മ കരഞ്ഞുപറയുന്നു.

എനിക്കൊരു ചെറിയ മോനാണ്. അവനെയും ഇവളെയും വച്ച് ഒറ്റയ്ക്കാണ് ഞാൻ ജീവിക്കുന്നത്. പൊലീസുകാരോടക്കം പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് സാറേ എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇവരെ നോക്കാൻ കൂട്ടിയാൽ കൂടില്ലാ എന്ന്. പലരുടെ അടുത്തുനിന്നും കടം വാങ്ങിയാണ് ഞാനും എന്‍റെ കുട്ടികളും ജീവിക്കുന്നതും ഇവളുടെ ചികിത്സയൊക്കെ നോക്കിയിരുന്നതും. ശിശുസംരക്ഷണകേന്ദ്രത്തിലേക്കോ മറ്റോ ഇവളെ മാറ്റണമെന്ന് ഞാൻ പല തവണ കരഞ്ഞു പറഞ്ഞതാ. ആരും കേട്ടില്ല. അത് കേട്ടിരുന്നെങ്കിൽ എന്‍റെ മോൾക്കീ ഗതി വരില്ലായിരുന്നെന്ന് ‘അമ്മ പൊട്ടിക്കരഞ്ഞു പറഞ്ഞു .