കര്‍ഷകര്‍ തുരത്തിയോടിച്ച കാട്ടാനകള്‍ കനാലില്‍ കുടുങ്ങി

India News

കർണ്ണാടക : വിള നശിപ്പിക്കാനിറങ്ങിയ കാട്ടാനകളെ കര്‍ഷകര്‍ തുരത്തിയോടിക്കുന്നതിനിടെ കാട്ടാനക്കൂട്ടം കനാലില്‍ കുടുങ്ങി. ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് രക്ഷപ്പെടുത്തി. മൈസുരിൽ നാഗര്‍ ഹോളെ കടുവാ സങ്കേതത്തിന് സമീപമുള്ള ഗുരുപുര ഗ്രാമത്തിലാണ് തിങ്കളാഴ്ച കാട്ടാനക്കൂട്ടം ഇറങ്ങിയത്. വയലുകളിലേക്ക് കാട്ടനക്കൂട്ടം എത്തിയതോടെ വിള നശിപ്പിക്കുമെന്ന് മനസ്സിലാക്കിയ ഗ്രാമീണര്‍ ഇവരെ ശബ്ദമുണ്ടാക്കി ഓടിക്കുകയായിരുന്നു. ചിതറിയോടിയ ആനകൂട്ടത്തില്‍ നിന്ന് വിട്ട് പോയ അഞ്ച് ആനകളാണ് ഹാനഗേഡ് ഗ്രാമത്തിലെ കനാലില്‍ കുടുങ്ങിയത്. കനാലില്‍ നിന്ന് കയറാനാവാതെ വന്നതോടെ ആനക്കൂട്ടവും ഭയന്നു.

ഗ്രാമീണരും പരിസരത്ത് കൂടിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനകളെ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെടുത്തുകയായിരുന്നു. പരിസ്ഥിതി മന്ത്രാലയവും വനംവകുപ്പും മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടാവാതിരിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന ആരോപണം ശക്തമാവുകയാണ്.