89 -ആം ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

India News

തിരുവനന്തപുരം: മതങ്ങൾ തമ്മിൽ കലഹിക്കരുത് എന്ന ശ്രീനാരായണ ഗുരു സന്ദേശം കൂടുതൽ പ്രസക്തമാകുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ശിവഗിരി കുന്നിൽ 89 -ആം ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏത് നിമിഷവും വർഗീയതയുടെ ഫാസിസ്റ്റ് നിലപാടുകൾ പിടികൂടുമെന്ന ആപൽശങ്ക ജനങ്ങളെ ബാധിക്കുന്ന കാലത്ത് ഗുരുവിന്‍റെ മതനിരപേക്ഷ ചിന്തകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ വികസനത്തിലടക്കം ഗുരുദേവ ദർശനങ്ങളിലൂന്നിയാണ് സർക്കാർ പ്രവർത്തനമെന്നും പിണറായി വിശദീകരിച്ചു .

ആയിരക്കണക്കണക്കിന് ശ്രീനാരായണ ഭക്തരെ സാക്ഷിയാക്കി ധർമസംഘം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ ധർമ്മ പതാക ഉയർത്തിയതോടെയാണ് ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായത്. മതത്തെപ്പറ്റി ചോദിച്ചാൽ മത ദ്രോഹിയെന്നും ചോദ്യം ചോദിക്കുന്നവരെ ദേശദ്രോഹിയെന്നും വിളിക്കുന്ന കാലത്ത് ഗുരുദർശനങ്ങൾക്ക് പ്രസക്തിയേറുന്നുവെന്ന് മുഖ്യാതിഥിയായ കനിമൊഴി എം പി പറഞ്ഞു. ജനുവരി ഒന്നുവരെയാണ് തീർത്ഥാടനം. കേന്ദ്രമന്ത്രിമാരടക്കം വരും ദിവസങ്ങളിൽ ശിവഗിരിയിലെത്തും.