കൊലക്കേസ് പ്രതിയായ ഭര്‍ത്താവിനെ രക്ഷിക്കാന്‍ പൊലീസുകാരുടെ നേര്‍ക്ക് മുളകുപൊടി വിതറിയ യുവതി അറസ്റ്റിൽ

Crime India News

തെലങ്കാന : കൊലക്കേസ് പ്രതിയായ ഭര്‍ത്താവിനെ രക്ഷിക്കാന്‍ പൊലീസിന് നേരെ മുളകുപൊടിയെറിഞ്ഞ യുവതി പിടിയിൽ. തെലങ്കാനയിലെ അട്ടാപൂരിലാണ് സംഭവം. ഉത്തരാഖണ്ഡ‍ില്‍ നിന്നും പ്രതിയെ തേടി തെലങ്കാനയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് യുവതി അതിക്രമം ചെയ്തത്. സംഭവത്തില്‍ ഷമീം പര്‍വീന്‍ എന്ന സ്ത്രീയ്ക്കെതിരെ പൊലീസിന‍്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്തു.

ഉത്തരാഖണ്ഡില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കേസില്‍ പ്രതിയായ ഷമീമിന്റെ ഭര്‍ത്താവ് വസീം ഭാര്യയ്ക്കൊപ്പം ഹൈദരാബാദിലെ സുലൈമാന്‍ നഗറില്‍ താമസിക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിൽ വസീമിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിലെത്തിയ ഉടനെ ഷമീം മുളകുപൊടി പൊലീസിന് നേരെ വിതറുകയായിരുന്നു. ഇതിനിടയില്‍ വസീം വീട്ടില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.