സഹോദരനുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ കാണാനില്ല; തിരച്ചില്‍ തുടരുന്നു

Keralam News

കോട്ടയം : കറുകച്ചാലില്‍ സഹോദരനുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ കാണാനില്ല. പൂണിക്കാവ് സ്വദേശിനിയായ 17 കാരിയാണ് സഹോദരനുമായി വഴക്കുണ്ടാക്കിയശേഷം രാത്രി വീടുവിട്ടിറങ്ങിയത്. വെള്ളാവൂര്‍ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

രാത്രി ആനക്കല്ല് ഭാഗത്തുനിന്ന് ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് നടന്നുവരുന്നതു കണ്ട് നാട്ടുകാര്‍ എവിടേക്കാണെന്ന് ചോദിച്ചതോടെ പെണ്‍കുട്ടി സമീപത്തെ കാടും പടര്‍പ്പും നിറഞ്ഞ തോട്ടത്തിലേക്ക് ചാടി ഓടിമറയുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ വിവരം പെൺകുട്ടിയുടെ വീട്ടിൽ പറഞ്ഞപ്പോഴാണ് 17 കാരി വീട്ടില്‍ നിന്നും പിണങ്ങിപ്പോയതാണെന്ന് മനസ്സിലായത്.

പെണ്‍കുട്ടി ഒളിച്ച സ്ഥലത്ത് ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താണ് കഴിയാത്ത കൊണ്ട് അഗ്‌നിരക്ഷാ സേനയിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. എല്ലാവരും ചേർന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തോട്ടത്തില്‍ നിന്ന് 600 മീറ്റര്‍ മാറി മണിമലയാര്‍ ഉള്ളതിനാല്‍ അപകടസാധ്യത കൂടുതലാണ്. പെണ്‍കുട്ടി തോട്ടത്തിലൂടെ ഓടി സമീപത്തെ മറ്റേതെങ്കിലും വീടുകളില്‍ ഒളിച്ചിരിപ്പുണ്ടാകാമെന്ന സംശയവും ഉയർന്നതോടെ ഈ വഴിക്കും തിരച്ചില്‍ തുടരുന്നുണ്ട്.