ഗാർഹിക പീഡന പരാതികളിൽ അന്വേഷണം വേഗത്തിൽ നടത്തണം : ഡിജിപി

Crime Keralam News

തിരുവനന്തപുരം : ഗാർഹിക പീഡന പരാതികളിൽ അന്വേഷണം വേഗത്തിൽ നടത്തണമെന്ന് ഡിജിപി അനിൽകാന്ത്. ഇന്ന് ചേർന്ന പൊലീസ് യോഗത്തിലാണ് ഡി.ജി.പി പുതിയ നിർദേശം നൽകിയത്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക ജാഗ്രതവേണമെന്നും പോക്‌സോ കേസുകളിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും ഡിജിപി കർശന നിർദേശം നൽകിയിട്ടുണ്ട്.

കോടതികൾക്ക് മുമ്പാകെയുള്ള കേസുകളിൽ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നടപടിയെടുക്കണമെന്നും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു.

രാത്രിയും പൊലീസ് പട്രോളിംഗ് സജീവമാക്കാനും ഓൺലൈനിൽ ലഭിക്കുന്ന പരാതികളിൽ ഫലപ്രദമായ നടപടിയെടുക്കാനും ഡി.ജി.പി അനിൽകാന്ത് ആഹ്വാനം നൽകി.

എസ്.പിമാർ മുതലുള്ള ഉദ്യോഗസ്ഥർ നേരിട്ട് പൊലീസ് ആസ്ഥാനത്തെത്തി യോഗത്തിൽ പങ്കെടുത്തു. കൊവിഡ് വ്യാപനത്തിന് ശേഷം മുഴുവൻ ഉന്നത ഉദ്യോഗസ്ഥരെയും നേരിട്ട് വിളിച്ചു ചേർത്തുള്ള യോഗം ഇതാദ്യമായാണ് നടത്തുന്നത്.