കുട്ടികളിൽ സമ്പാദ്യശീലം വളർത്താൻ കേരള ബാങ്കിന്റെ ‘വിദ്യാനിധി’ നിക്ഷേപ പദ്ധതി

Education Keralam News

തിരുവനന്തപുരം: കുട്ടികൾക്കായുള്ള കേരളബാങ്കിന്റെ ‘വിദ്യാനിധി’ നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 29നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഏഴു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക, പഠനാവശ്യങ്ങൾക്ക് ആ തുക ഉപയോഗിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളാണ് വിദ്യാനിധി മുന്നോട്ട് വെക്കുന്നത്.

12 മുതൽ 16 വരെ പ്രായമുള്ള കുട്ടികൾക്കു സ്വന്തം പേരിൽ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കാനും സൗജന്യ എസ്.എം.എസ്, സൗജന്യ ഡി.ഡി. ചാർജ്, സൗജന്യ ആർടിജിഎസ്, എൻഇഎഫ്ടി, ഐഎംപിഎസ് സേവനങ്ങൾ, വിദ്യാഭ്യാസ വായ്പയ്ക്കു മുൻഗണന, സൗജന്യ സർവീസ് ചാർജ്, സൗജന്യ എ.ടി.എം. കാർഡ്, മൊബൈൽ ബാങ്കിങ് സൗകര്യം തുടങ്ങിയവ നൽകാനും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ സ്‌കോളർഷിപ്പുകൾ ലഭിക്കാനും ഈ അക്കൗണ്ട് സഹായകരമാകും.

പദ്ധതിയിൽ അംഗമായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷകർത്താവിന് എല്ലാവിധ സാധാരണ ഇടപാടുകളും നടത്താൻ കഴിയുന്ന സ്‌പെഷ്യൽ പ്രിവിലേജ് അക്കൗണ്ട് തുറക്കാനും തീരുമാനമായിട്ടുണ്ട്.

കേരളത്തിന്റെ സ്വന്തം ബാങ്ക്’ എന്ന വിശേഷണത്തോടെ, കേരള സർക്കാരിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച ധനകാര്യ സംരംഭമായ കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് 2019 നവംബർ 29 നാണ് പ്രവർത്തനം ആരംഭിച്ചത്.