വെളിയന്നൂരിനെ ആശങ്കയിലാക്കി കടന്നല്‍ക്കൂട്ടം

Keralam News

കോട്ടയം : വെളിയന്നൂർ കവലയുടെ സമീപം പുരയിടത്തിലെ വലിയ ആഞ്ഞിലിമരത്തിലുണ്ടായ കടന്നല്‍കൂട് പരുന്ത് ഇളക്കിയതിന് പിന്നാലെ ആശങ്കയിലായി നാട്ടുകാർ. കൂടിളകിയതോടെ നാട്ടുകാർക്കിടയിലേക്ക് ഇരമ്പിയെത്തിയ കടന്നലുകളുടെ കുത്തേറ്റ് ഭിന്നശേഷിക്കാരിയായ യുവതി ഉൾപ്പെടെ 2 പേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെളിയന്നൂർ ജംക്‌ഷനു സമീപത്തും കുഴിപ്പാനിമല ഭാഗത്തുമാണ് കടന്നലുകള്‍ ആശങ്ക സൃഷ്ടിക്കുന്നത്.

വീട്ടുമുറ്റത്ത് നിൽക്കുന്ന ജയ്‌മോളെ കടന്നൽ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ ഓട്ടോ ഡ്രൈവർക്കും കുത്തേറ്റു. ഓട്ടോ ഡ്രൈവറായ ഷാജിയുടെ മുഖത്തും ശരീര ഭാഗങ്ങളിലും കുത്തേറ്റത്. ജയ്മോളുടെ മുഖത്തും ശരീരത്തിലും കടന്നല്‍ കുത്തേറ്റിട്ടുണ്ട്.

ഈ മേഖലയിൽ കടന്നൽ ആക്രമണം ഇതിനുമുന്നെയും സംഭവിച്ചിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുന്നെയുണ്ടായ കടന്നൽ ആക്രമണത്തിൽ അതിഥി തൊഴിലാളികളുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റിരുന്നു. നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും നിയമപരമായി കടന്നല്‍ക്കൂട് മാറ്റാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്.