ഒറ്റപ്പെട്ട ശക്തമായ മഴ തുടരും ; സംസ്ഥാനത്ത് 10 ജില്ലകളിൽ യെല്ലോ അലേർട്ട്

India Keralam News

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.മലയോര പ്രദേശങ്ങളിലാണ് കൂടുതൽ കനത്ത മഴയ്ക്ക് സാധ്യത.

നാളെയും പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപംകൊള്ളുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അനുമാനം.

ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ഇന്നലെ ഉച്ചയ്ക്ക് ശേഷം കാര്യമായ മഴ പെയ്തിട്ടില്ലെങ്കിലും പലയിടത്തും വെളളക്കെട്ട് തുടരുകയാണ്. അഞ്ഞൂറിൽ അധികം ഇടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് പ്രതിസന്ധി സൃഷ്ടിച്ചത്. ചെന്നൈ, കടലൂർ, നീലഗിരി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. സംസ്ഥാനത്ത് മഴ കെടുതിയിൽ മരിച്ചവരുടെ കുടുീബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ കെ എസ് എസ് ആർ രാമചന്ദ്രൻ പ്രഖ്യാപിച്ചു. ഇതുവരെ 14 പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്.