കമല ഭാസിൻ അന്തരിച്ചു

India News

ന്യൂഡല്ലി: ഇന്ത്യയുടെ കവയിത്രിയും ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുമായ കമല ഭാസിൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. അർബുദ രോഗത്തിന് ഏറെ നാളായി ചികില്സയിലായിരുന്നു.

പാകിസ്ഥാന്റെ അധീനതയിലുള്ള പഞ്ചാബിലെ ഗുജറാത്ത് ജില്ലയിലെ ഷാഹിദന്വാലി ഗ്രാമത്തിൽ 1946 ലാണ് കമല ഭാസിൻ ജനിച്ചത്. സംഗത് എ ഫെമിനിസ്റ്റ് നെറ്റ്വര്ക്ക്, ക്യുങ്കി മെയിന് ലഡ്കി ഹൂണ്, മുജ് പധ്ന ഹേ എന്നീ കവിതകളിലൂടെയാണ് അവർ കൂടുതൽ പ്രസിദ്ധി നേടിയത്. 2002 -ൽ യുഎന്നിലെ ജോലി രാജിവെക്കുകയും ആദിവാസി, തൊഴിലാളി സമുദായങ്ങളില് നിന്നുള്ള പാവപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു പോരുകയും ചെയ്തിട്ടുണ്ട്. പോസ്റ്ററുകൾ, നാടകങ്ങൾ , മറ്റ് സാഹിത്യേതര രീതികൾ തുടങ്ങിയവ ഉപയോഗിച്ച്‌ കുറഞ്ഞ സാക്ഷരതാ നിരക്കിലുള്ള കമ്മ്യൂണിറ്റികളിലേക്ക് ശക്തമായ മാറ്റം കൊണ്ടുവരാൻ കമല ഭാസിൻ അത്യധികം പരിശ്രമിച്ചിട്ടുണ്ട്.

പുരുഷാധിപത്യവും ലിംഗഭേദവും മനസ്സിലാക്കുന്നതിനുള്ള പുസ്തകങ്ങളും ചെറുപുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഒരു ബില്യണ് റൈസിംഗ് പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു ഇവർ. ഫെമിനിസം ഒരു പാശ്ചാത്യ ആശയമല്ലെന്നും ഇന്ത്യൻ ഫെമിനിസത്തിന് അതിന്റെതായ പോരാട്ടങ്ങളിലും കഷ്ടപ്പാടുകളിലും വേരുകളുണ്ടെന്ന് ഊന്നിപ്പറയുകയും ചെയ്ത ഒരാൾ കൂടിയാണ് ഭാസിൻ. ഫെമിനിസം പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള യുദ്ധമല്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന അവർ ഇത് രണ്ട് ആശയങ്ങള് തമ്മിലുള്ള പോരാട്ടമാണെന്നാണ് പറഞ്ഞിരുന്നത്. ഒന്ന് മനുഷ്യരെ ഉരിയർത്തുകയും അവർക്ക് ശക്തി നല്കുകയും ചെയ്യുന്നതാണെന്നും മറ്റൊന്ന് തുല്യതയ്ക്കു വേണ്ടി വാദിക്കുന്നതാണെന്നുമായിരുന്നു കമലയുടെ കണ്ടെത്തല്‍.

രാജസ്ഥാനിൽ ബിരുദ, ബിരുദാനന്തര പഠനങ്ങളും നടത്തിയിട്ടുണ്ട്. പശ്ചിമ ജര്മ്മനിയിലെ മൂൺസ്റ്റർ സർവ്വകലാശാലയിൽ ഫെല്ലോഷിപ്പോടെ ഉപരിപഠനം നടത്തി.

രണ്ട് മക്കളാണ്. മകൻ നീത് കമൽ. മകൾ മീട്ടു 2006 ൽ മരണപ്പെട്ടു.