മോദിയുടെ ആസ്തിയിൽ വീണ്ടും വർദ്ധനവ്; മോദിയേക്കാൾ കൂടുതൽ ആസ്തി അമിത് ഷായ്ക്ക്

India News

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആസ്​തിയിലുണ്ടായത് ഇരുപത്തി രണ്ട് ലക്ഷം രൂപയുടെ വർദ്ധനവ്. കഴിഞ്ഞ വർഷം 2.85 കോടി ഉണ്ടായിരുന്ന ആസ്തി ഈ വട്ടം 3.07 കോടിയായി ഉയർന്നു. എന്നാൽ മോദിയേക്കാൾ ആസ്തി കൂടുതൽ അമിത് ഷായ്ക്കാണ്. കഴിഞ്ഞ വർഷത്തേക്കാൾ 928 കോടിയുടെ വർദ്ധനവുണ്ടായ അമിത് ഷായുടെ ഇപ്പോഴത്തെ ആസ്തി 37.91 കോടി രൂപയാണ്. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്.

മാര്‍ച്ച്‌​ 31ലെ കണക്കനുസരിച്ച് ഒന്നര ലക്ഷം രൂപ ബാങ്ക് ബാലൻസായി മോദിയുടെ പേരിലും 36,000 രൂപ പക്കലുമുണ്ടായിരുന്നു. ഗുജറാത്തിലെ ഗാന്ധിനഗര്‍ എസ്​.ബി.ഐ, എന്‍.എസ്​.സി ബ്രാഞ്ചുകളിലെ സ്ഥിരനിക്ഷേപം 1.86 കോടി രൂപയായി ഉയർന്നതിനാലാണ് പ്രധാനമത്രിയുടെ ആസ്തിയിലും വർദ്ധനവുണ്ടായത്.

8,93,251 രൂപ നാഷണല്‍ സേവിങ്​സ്​ സര്‍ട്ടിഫിക്കറ്റിലും, 1,50,957 രൂപ ഇന്‍ഷൂറന്‍സിലും, 20,000 രൂപ എല്‍&ടി ഇന്‍ഫ്രാസ്​ട്രക്​ചര്‍ ബോണ്ടിലും മോഡി നിക്ഷേപിച്ചിട്ടുണ്ട്. മ്യൂച്ചല്‍ഫണ്ടിലോ ഓഹരി വിപണിയിലോ നിക്ഷേപമില്ലാത്ത പ്രധാനമന്ത്രിക്ക് 1.48 ലക്ഷം വില വരുന്ന രണ്ട്​ സ്വര്‍ണ മോതിരങ്ങളുണ്ട്. ഇതുകൂടാതെ 25 ശതമാനം ഓഹരി പങ്കാളിത്തം 1.1 കോടിയുടെ വസ്​തുവിലുമുണ്ട്.