പട്ടുവം വില്ലേജ് ഓഫീസര്‍ കൈക്കുലി ചോദിച്ചത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന ജസ്റ്റസിനോട്

News

കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റിലായ പട്ടുവം വില്ലേജ് ഓഫീസര്‍ കൈക്കുലി ചോദിച്ചത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന കൊല്ലം കച്ചേരി മുതാക്കരയിലെ ജസ്റ്റസ് ബെഞ്ചമിനോട്. കോവിഡ് കാരണം ജീവിതം പ്രതിസന്ധിയിലായപ്പോള്‍ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് അതിനാവിശ്യമായ രേഖകള്‍ക്ക് വില്ലേജ് ഓഫീസിലെത്തിയതായിരുന്നു ജസ്റ്റസ്. എന്നാല്‍ കൈക്കൂലി നല്‍കാതെ രേഖകള്‍ നല്‍കാനാവില്ലെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചതോടെ ജസ്റ്റസ് വീണ്ടും പ്രതിസന്ധിയിലായി.

മുംബൈയില്‍ ഒരു ചെറിയ തുണിക്കടയിലായിരുന്നു ജസ്റ്റസ് ജോലി ചെയ്തിരുന്നത്. കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടമായി. അങ്ങനെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ശേഷം ഇവിടെ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ചെറിയ ജോലികള്‍ നാട്ടില്‍ തന്നെ ചെയ്തു ജീവിച്ചു വരികയായിരുന്നു. എന്നാല്‍ അതു കൊണ്ടൊന്നും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ജസ്റ്റസ് ചെറിയ കച്ചവടം തുടങ്ങാനുള്ള പദ്ധതിയിട്ടത്. ഇതിനുള്ള മൂലധനത്തിനായി മാതാപിതാക്കളുടെ പേരിലുള്ള സ്ഥലം വില്‍ക്കാനുള്ള പദ്ധതിയിട്ടു. അതിനാവശ്യമായ രേഖകള്‍ക്കാണ് വില്ലേജ് ഓഫീസറെ സമീപിച്ചത്. എന്നാല്‍ ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെ വീണ്ടും പ്രതിസന്ധിയിലായി.

കഴിഞ്ഞ ഏപ്രില്‍ 16നാണ് ഫാമിലി മെമ്പര്‍ സെര്‍ട്ടിഫിക്കറ്റിനായി ജസ്റ്റസ് അപേക്ഷ നല്‍കിയത്. ഏഴു ദിവസം കൊണ്ട് നല്‍കേണ്ട സര്‍ട്ടിഫിക്കേറ്റ് 5000 രൂപ നല്‍കിയാല്‍ മാത്രമേ ലഭിക്കൂ എന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു. തന്റെ കൈയ്യില്‍ അത്രയും പണം ഇല്ലെന്ന് പറഞ്ഞ ജസ്റ്റസ് തന്റെ അവസ്ഥ മനസ്സിലാക്കണമെന്ന് പറഞ്ഞു അപേക്ഷിച്ചു. 2000 രൂപയെങ്കിലും കിട്ടിയാല്‍ മാത്രമേ രേഖകള്‍ നല്‍കാനാവൂ എന്ന് ഓഫീസര്‍ ഉറപ്പിച്ചു പറഞ്ഞു.

കയ്യില്‍ പണമില്ലാതെയിരിക്കുന്ന ജസ്റ്റസിനു അതും താങ്ങാവുന്നതിലപ്പുറമായിരുന്നു. അങ്ങനെ ഗത്യന്തരമില്ലാതെയാണ് വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് കൊടുത്ത 5000 രൂപയുമായാണ് ജസ്റ്റസ് വില്ലേജ് ഓഫീസറെ കാണാന്‍ പോയത്. പണം നല്‍കിയ ഉടനെ വിജിലന്‍സ് വന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ താമസിക്കുന്ന വാടക കെട്ടിടത്തിലും വിജിലന്‍സ് പരിശോധന നടത്തി. ഒരു ലക്ഷത്തിലധികം രൂപ പണമായി കണ്ടെത്തുകയും ചെയ്തു. ഈ പണത്തിന്‍െ സ്രോതസ്സും വ്യക്തമല്ല.