നിപ ജാഗ്രത : മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ്

Health News

മഞ്ചേരി: നിപ ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി ഒ.പിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ്. ദിനംപ്രതി മൂവായിരത്തോളം രോഗികളാണ് ഒ.പിയില്‍ എത്താറുള്ളത്. എന്നാല്‍ ഇന്നലെ 1518 പേര്‍ മാത്രമാണ് എത്തിയത്. വൈറസ്ബാധ സംശയമുള്ള ഒരാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ മഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചെന്ന രീതിയില്‍ പ്രചാരണമുണ്ടായി. രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും സ്രവ പരിശോധനക്കും ആശുപത്രിയില്‍ സൗകര്യമൊരുക്കിയിരുന്നു. ഇത് മറ്റു രോഗങ്ങളുമായി എത്തിയാലും സ്രവം പരിശോധിക്കുമെന്ന ഭീതിയുണ്ടാക്കി. ഇതും രോഗികള്‍ കുറയാന്‍ കാരണമായി. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി രോഗികളുടെ കൂട്ടിയിരിപ്പുകാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു രോഗിയുടെ കൂടെ കൂട്ടിരിക്കാന്‍ ഒരാള്‍ എന്ന തോതില്‍ പരിമിതപ്പെടുത്തി. ഇത് കര്‍ശനമാക്കിയതായി ഡെപ്യൂട്ടി സൂപ്രന്റ് ഡോ.ഷീന ലാല്‍ പറഞ്ഞു. ആശുപത്രിയിലെ സന്ദര്‍ശന പാസ് നല്‍കുന്നവര്‍ക്ക് ഒരു മണിക്കൂര്‍ സമയം നിശ്ചിതപ്പെടുത്തി. ഇന്നലെ സുരക്ഷാ ജീവനക്കാര്‍ രാവിലെ 11നും ഉച്ചക്ക് മൂന്നിനും വാര്‍ഡുകളില്‍ പരിശോധന നടത്തി. കൂടുതല്‍ ആളുകളുള്ള വാര്‍ഡുകളില്‍ നിന്ന് ഒഴിപ്പിച്ചു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി