ഡോക്ടര്‍ ദമ്പതിമാര്‍ക്ക് ഐ.എം.എ അരലക്ഷം നഷ്ടപരിഹാരം നല്‍കണം

Keralam Local News

നിലമ്പൂര്‍: മുന്‍ മഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍ വാസുദേവനും ഭാര്യ ഡോ. എം. രമാദേവിക്കും ഐ.എം.എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ )നിലമ്പൂര്‍ ബ്രാഞ്ച് അരലക്ഷം രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവ്. ഐ.എം.എയുടെ ആജീവനാംഗങ്ങളായ ഡോക്ടര്‍ ദമ്പതിമാര്‍ക്ക് ഐ.എം.എ നിലമ്പൂര്‍ ബ്രാഞ്ച് അംഗത്വ സര്‍ട്ടിഫിക്കറ്റും ക്ഷേമപദ്ധതികളും നിഷേധിച്ചതിനാണ് കമ്മീഷനെ സമീപിച്ചത്. ഐ.എം.എ നിലമ്പൂര്‍ ബ്രാഞ്ച് ഒരു മാസത്തിനകം അംഗത്വ സര്‍ട്ടഫിക്കറ്റും നഷ്ടപരിഹാരവും കോടതിച്ചെലവും നല്‍കണം. ഐ.എം.എയുടെ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടുത്തുകയും വേണം. അഡ്വ. കെ. മോഹന്‍ദാസ് ചെയര്‍മാനും സി. പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ അംഗങ്ങളായ കമ്മീഷന്റേതാണ് ഉത്തരവ്.

2009 മുതല്‍ ഐ.എം.എയുടെ ആജീവനാന്ത അംഗങ്ങളായിരുന്നു ഡോക്ടര്‍മാരായ വാസുദേവനും രമാദേവിയും. അംഗങ്ങള്‍ക്കായി ഐ.എം.എ നടപ്പാക്കിയ രണ്ട് ക്ഷേമപദ്ധതികളിലും ഇവര്‍ അംഗങ്ങളായിരുന്നു. ചികിത്സക്കിടെ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുമ്പോള്‍ കോടതിച്ചെലവിനും നഷ്ടപരിഹാരത്തിനുമായി 5 ലക്ഷവും ഡോക്ടര്‍ മരണപ്പെട്ടാല്‍ കുടുംബസഹായനിധിയുമാണ് ഐ.എം.എയുടെ ക്ഷേമ പദ്ധതികള്‍. ഈ പദ്ധതികളിലേക്ക് ആവശ്യപ്പെട്ട തുക ഇരുവരും അടച്ചുകൊണ്ടിരുന്നു. പണം അടക്കുമ്പോള്‍ അംഗമാണന്നതിന്റെ തെളിവായി ബ്രാഞ്ച് സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടിയിരുന്നു. 2019 മുതല്‍ ഐ.എം.എ നിലമ്പൂര്‍ ബ്രാഞ്ച് സെക്രട്ടറി അംഗത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. കത്തയച്ചിട്ടും വക്കീല്‍ നോട്ടീസയച്ചിട്ടും മറുപടി നല്‍കിയില്ല. ഇതോടെയാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.