ലഹരിക്കെതിരെ ഒന്നിച്ച് പാലത്തിങ്ങല്‍ ഗ്രാമം; മനുഷ്യചങ്ങല 25ന്

Local News

മലപ്പുറം: ജീവിതം തകര്‍ക്കുന്ന ലഹരി വിപത്തിനെതിരെ ഒറ്റമനസോടെ പരപ്പനങ്ങാടിയിലെ പാലത്തിങ്ങല്‍ ഗ്രാമം ഒന്നിച്ച് 25ന് മനുഷ്യചങ്ങല തീര്‍ക്കും. സ്ത്രീകളും കുട്ടികളുമടക്കം ഗ്രാമത്തിലെ മുഴുവന്‍പേരും കണ്ണികളാവുന്ന മനുഷ്യചങ്ങല 25ന് വൈകുന്നേരം 4ന് റിട്ട. ജസ്റ്റിസ് ബി. കെമാല്‍പാഷ ഉദ്ഘാടനം ചെയ്യും. കളക്ടര്‍ വി.ആര്‍ വിനോദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും. മുന്‍ മന്ത്രിമാരായ പാലോളി മുഹമ്മദ്കുട്ടി, പി.കെ അബ്ദുറബ്ബ്, കെ.പി.എ മജീദ് എം.എല്‍.എ, പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍, നിയാസ് പുളിക്കലകത്ത്, എന്‍.പി ഹംസക്കോയ, ടി. കാര്‍ത്തികേയന്‍ പങ്കെടുക്കും. കൊട്ടന്തല ന്യൂകട്ട് മുതല്‍ പാലത്തിങ്ങല്‍ വരെ പതിനായിരത്തിലേറെ പേര്‍ മനുഷ്യചങ്ങലയില്‍ കണ്ണികളാവും.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെ കീഴില്‍ പാലത്തിങ്ങല്‍ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് വിമുക്തി, കുടുംബശ്രീ , പൊതുവിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, പോലീസ് , എക്‌സൈസ് എന്നിവരുടെ സഹകണത്തോടെ മനുഷ്യചങ്ങല തീര്‍ക്കുന്നത്.

‘എന്റെ നാട് ലഹരിമുക്തനാട്’ എന്ന സന്ദേശവുമായി മാസങ്ങള്‍ നീണ്ട ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായാണ് മനുഷ്യചങ്ങല. ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി വിദ്യാര്‍ത്ഥി സംഗമം, വനിതാസംഗമം, ബോധവല്‍ക്കരണ ക്ലാസ്, കായിക മല്‍സരങ്ങള്‍, ഗൃഹ സന്ദര്‍ശനം, ഹെല്‍ത്ത് ക്ലബ് , കൂട്ടഓട്ടം എന്നിവ നടത്തിയിരുന്നു.ഗൃഹസന്ദര്‍ശനം നടത്തി കണ്ടെത്തിയ ലഹരി ഉപയോഗിക്കുന്നവരെ ബോധവല്‍ക്കരണത്തിലൂടെയും ചികിത്സയിലൂടെയും ലഹരി മുക്തരാക്കുന്ന പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ട്. വ്യാപാരികള്‍ സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ള ലഹരി വസ്തുക്കളും വില്‍പ്പന നടത്തില്ലെന്ന് സ്വയം സന്നദ്ധരായി രംഗത്തുണ്ട്.കാമ്പയിന്‍ പ്രചരണ ഉദ്ഘാടനം കഴിഞ്ഞ ഒക്ടോബര്‍ 7ന് മന്ത്രി റോഷി അഗസ്റ്റിനാണ് ഉദ്ഘാടനം ചെയ്തത്. ഒക്ടോബര്‍ 25ന് മനുഷ്യചങ്ങല പ്രഖ്യാപനം മുന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിങ് നിര്‍വ്വഹിച്ചു. ഡിസംബര്‍ 17ന് വിളംബര ജാഥയും നടത്തി.
വാര്‍ത്താസമ്മേളനത്തില്‍ പാലത്തിങ്ങല്‍ ജനകീയ സമിതി ‘എന്റെ നാട് ലഹരിമുക്തനാട്’ കാമ്പയിന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മുബഷീര്‍ കുണ്ടാണത്ത്, ഷാജി സെമീര്‍ പാട്ടശേരി, ഡോ. ഹാറൂണ്‍ റഷീദ്, ലഹരിമുക്ത കേരളം കോ ഓര്‍ഡിനേറ്റര്‍ ഹരികുമാര്‍ പങ്കെടുത്തു.