നിലമ്പൂര്‍ നഗരസഭ പാട്ടുത്സവം മെഗാ ഷോകള്‍ നടത്തിയത് അനുമതിയില്ലാതെബി.ജെ.പി പങ്കാളിത്തവും വിവാദത്തില്‍

Local News

നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭ വ്യാപാരി വ്യവസായി ഏകോപനസമിതിയും റോട്ടറി ക്ലബുമായി ചേര്‍ന്ന് കോടതിപ്പടിയില്‍ നടത്തിയ പാട്ടുത്സവം ഷോപ്പിങ് ഫെസ്റ്റിവലിന്റെ മെഗാ സ്റ്റേജ് ഷോകള്‍ നടത്തിയത് അനുമതിയില്ലാതെ. ഫയര്‍ ഡാന്‍സിനിടെ യുവാവിന് പൊള്ളലേറ്റതിന് പിന്നാലെയാണ് നഗരസഭയുടെ പരിപാടിതന്നെ അനുമതിയില്ലാതെ നടത്തിയതാണെന്ന വിവരം പുറത്ത് വരുന്നത്. 14ന് രാത്രി പത്തേ മുക്കാലോടെ ഫയര്‍ ഡാന്‍സിനിടെ പെരിന്തല്‍മണ്ണ തേക്കിന്‍കൂടി പുതിയപുരക്കല്‍ സജിമോന്‍ (29) സാരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ മെഗാ സ്റ്റേജ് ഷോകള്‍ക്ക് കോടതിപ്പടിയിലെ വേദിയില്‍ നല്‍കിയ അനുമതിയിയുടെ മറവിലാണ് നഗരസഭയുടെ മെഗാ ഷോകളും അരങ്ങേറിയത്. പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍ കമ്മിറ്റിവൈസ് ചെയര്‍മാന്‍ പി.വി സനില്‍കുമാറിന്റെ പേരില്‍ നല്‍കിയ അപേക്ഷയില്‍ ജനുവരി 7 മുതല്‍ 15വരെ കോടതിപ്പടിയിലെ വേദിയില്‍ മെഗാ ഷോ നടത്താനാണ് നിലമ്പൂര്‍ ഡി.വൈ.എസ്.പി അനുമതി നല്‍കിയത്. സ്ഥലഉടമയുടെ അനുമതിപത്രം അടക്കം നല്‍കിയ അപേക്ഷയില്‍ മൈക്കുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയും നല്‍കി. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ അനുമതിയോടെ സംഘാടകര്‍ ഇന്‍ഷൂറന്‍സും എടുത്തിരുന്നു. മൂന്ന് ദിവസത്തെ മെഗാ ഷോ പത്തിന് അവസാനിക്കുകയും ചെയ്തു. നഗരസഭയാവട്ടെ കോവിലകത്ത്മുറി ക്രോസ് റോഡിലെ വേദിയില്‍ മെഗാ സ്‌റ്റേജ് ഷോകള്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇത് സമീപത്തെ ജില്ലാ ആശുപത്രിയിലേക്കുള്ള റോഡില്‍ ഗതാഗതതടസമുണ്ടാക്കുമെന്ന് ആശങ്കയും ഉയര്‍ന്നിരുന്നു. ഇതോടെയാണ് പൊടുന്നനെ പാട്ടുത്സവ് വേദിയിലേക്കാന്‍ മെഗാ സ്റ്റേജ് ഷോകള്‍ മാറ്റാന്‍ തീരുമാനിച്ചത്. ഇവിടെയാണ് ഫയര്‍ ഡാന്‍സിനിടെ അപകടമുണ്ടായത്.അനുമതിയില്ലാതെ നടത്തിയ പരിപാടിയില്‍ പൊള്ളലേറ്റ് അപകടമുണ്ടായിട്ടും സ്വമേധയാ കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
അനുമതിയില്ലാതെ നടത്തിയ പരിപാടിയായതിനാല്‍ പൊള്ളലേറ്റ യുവാവിന് ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കില്ല. അതേസമയം സമാപന ദിവസം ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു. എം സാമുവല്‍ പ്രസംഗിച്ചതും വിവാദമായിരിക്കുകയാണ്. സി.പി.എം ഭരിക്കുന്ന നഗരസഭയില്‍ ഇടതുമുന്നണി ഘടകകക്ഷികള്‍ക്ക് പോലും പ്രാതിനിധ്യം നല്‍കാതെ ബി.ജെ.പി നേതാവിനെ പങ്കെടുപ്പിച്ചതിലാണ് പാര്‍ട്ടിക്കുള്ളില്‍ വിവാദം പുകയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും കടുത്ത വിമര്‍ശകനായ സിനിമാ സംവിധായകനും നടനുമായ ജോയ് മാത്യു പാട്ടുത്സവം സാംസ്‌ക്കാരിക സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതും നവമാധ്യത്തില്‍ സി.പി.എം
പ്രവര്‍ത്തകരുടെ പരസ്യവിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റിനും ജോയ് മാത്യുവിനും ഇടം നല്‍കിയപ്പോള്‍ സി.പി.എമ്മിനായി ജീവിതം ഉഴിഞ്ഞുവെച്ച നിലമ്പൂര്‍ ആയിഷയുടെ ജീവിതം പറയുന്ന നാടകം ‘കേരള നൂര്‍ജഹാന്‍’ അവതരിപ്പിക്കാന്‍ വേദി നിഷേധിച്ചതും വിവാദമായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിലെ നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തിലാണ് കേരള നൂര്‍ജഹാന്‍ അവതരിപ്പിച്ചത്.