ജീവൻ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ചെമ്മങ്കടവ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി അലി മര്‍വാനെ സ്‌കൂള്‍ അസംബ്ലിയില്‍ അനുമോദിക്കുന്നു

Local News

കോഡൂര്‍: കടലുണ്ടിപ്പുഴയില്‍ വടക്കേമണ്ണക്കടത്ത് നൂറാടിക്കടവില്‍ വെള്ളത്തില്‍ മുങ്ങിയ നാല് കൂട്ടുകാരില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തുന്നതില്‍ പങ്കാളിയായ അലി മര്‍വാനെ അനുമോദിച്ചു. ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അലി മര്‍വാനെ സ്‌കൂള്‍ പി.ടി.എയും അധ്യാപകരും മാനേജ്‌മെന്റും വിദ്യാര്‍ഥികളും ചേര്‍ന്നാണ് അനുമോദിച്ചത്.
സ്‌കൂള്‍ അസംബ്ലിയില്‍ പൂച്ചെണ്ടുകള്‍ നല്‍കി വേദിയിലേക്ക് ആനയിച്ച ശേഷം പൊന്നടയണിയിച്ചും ഉപഹാരം കൈമാറിയുമാണ് അനുമോദനം നല്‍കിയത്.ജില്ലാ, ഉപജില്ലാ തല കലോത്സവം, ശാസ്ത്രോത്സവം, ഗാന്ധിദര്‍ശന്‍ മത്സരങ്ങളിലെ വിജയികള്‍ക്കും യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്കുമുള്ള ഉപഹാരങ്ങളും സാക്ഷ്യപത്രങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
അനുമോദനച്ചടങ്ങ് പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍ ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ പ്രഥമാധ്യാപകന്‍ പി. മുഹമ്മദ് അബ്ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു.
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജു സഖറിയാസ്, സ്‌കൂള്‍ മാനേജര്‍ എന്‍.കെ. അബ്ദുല്‍റഹൂഫ്, അധ്യാപകരായ കെ.എന്‍. ഹലീമ, അബ്ദുറഹൂഫ് വരിക്കോടന്‍, കെ.പി. സുനില്‍, മഹ്ബൂബ് അലി, എന്‍.കെ. അന്‍വര്‍, എ.കെ. ഫസലുറഹ്‌മാന്‍, പി.ടി. സലീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.