തൃശൂരിൽ ‘പേർഷ്യൻ പൂച്ച’ വില്പനയുടെ മറവിൽ മാരക മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവ് പിടിയില്‍

Crime Keralam News

തൃശ്ശൂര്‍: തൃശൂരിൽ പേർഷ്യൻ പൂച്ച വില്പനയുടെ മറവിൽ മാരക മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവ് പിടിയില്‍. മാള സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവയുമായാണ് പ്രതി പിടിയിലായത്.

കൊടുങ്ങല്ലൂർ എക്സൈസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്നും കൊടുങ്ങല്ലൂർ, മാള മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ആവശ്യക്കാർക്ക് എല്ലാ തരത്തിലുള്ള കെമിക്കൽ, സിന്തറ്റിക്ക് ലഹരി വസ്തുക്കളും എത്തിച്ചു കൊടുക്കുന്നതിൽ സജീവമാണ് പ്രതി ഡിജെ പാർട്ടികൾക്കും, ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്കും വേണ്ട സ്റ്റോക്ക് എത്തിച്ചുവരവെ ആണ് അറസ്റ്റിലായത്.

പൂച്ച വില്പനയുടെ മറവിൽ സ്വന്തം വീട്ടിൽ ആണ് ഇയാൾ ലഹരി വസ്തുക്കൾ വിൽപന നടത്തിയിരുന്നത്. ഇയാളുടെ കൂട്ടുപ്രതികളെ കുറിച്ചുള്ള അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.