പാവപ്പെട്ടവരുടെ ശബ്ദമാവലാണ് കല -കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍എം ലിറ്റ് കോണ്‍ക്ലേവ് ശ്രദ്ധേയമായി

Local News

മലപ്പുറം:അരികുവത്കരിക്കപ്പെട്ടവരുടെ ശബ്ദമാവലാണ് കലയുടെ ധര്‍മമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും പ്രവാസി രിസാല ചീഫ് എഡിറ്ററുമായ സി മുഹമ്മദ് ഫൈസി. മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച എംലിറ്റ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌നങ്ങളുടെ പരിഹാരത്തിലേക്ക് മനുഷ്യന് എത്താനുള്ള വഴി സാഹിത്യവും കലയുമാണ്. മനുഷ്യനു ധര്‍മ ബോധമുണ്ടാക്കല്‍ ലോകത്തിന്റെ ആവശ്യമാണ്. പുതിയ കാലത്ത് അത് അവതരിപ്പിക്കാനുള്ള ഒട്ടേറെ വഴികള്‍ സാഹിത്യകാരന്‍മാരുടെ ഗ്രന്ഥങ്ങളില്‍ നിന്നു ലഭിക്കും. വിജ്ഞാനമില്ലാത്തവര്‍ക്ക് വിജ്ഞാനം നല്‍കാനുള്ള, വാക്കുകളും എഴുത്തുകളും ആകര്‍ഷകമാക്കാനുള്ള മാര്‍ഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കണ്ടെത്തി പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
കവിയും എഴുത്തുകാരനുമായ കെ.ടി സൂപ്പി മുഖ്യാതിഥിയായി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി, അബൂബക്കര്‍ സഖാഫി അരീക്കോട്, നൗഫല്‍ കോഡൂര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി മുജീബ് റഹ്മാന്‍, പി.ടി.എം ആനക്കര, ഹംസ മാസ്റ്റര്‍ ഒതുക്കുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇരുനൂറോളം മത്സര ഇനങ്ങളില്‍ മൂവായിരം പ്രതിഭകളാണ് മാറ്റുരക്കുന്നത്. 52 മത്സരഫലങ്ങള്‍ക്ക് ശേഷം വിവിധ കാറ്റഗറികളില്‍ കുല്ലിയ്യ ശരീഅ സ്വലാത്ത് നഗര്‍, കോളേജ് ഓഫ് ഇസ്ലാമിക് ദഅവ പെരുമ്പറമ്പ്, തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ്, മോഡല്‍ അക്കാദമി എന്നീ സ്ഥാപനങ്ങളാണ് മുന്നിട്ട് നില്‍ക്കുന്നത്. മത്സരം ഇന്നും തുടരും
വൈകുന്നേരം 3ന് നടക്കുന്ന സമാപന സംഗമം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.