പ്രവാസികളുടെ ദുരിതങ്ങൾ : മുഖ്യമന്ത്രിക്ക് മുന്നില്‍വിഷയം അവതരിപ്പിച്ച് പാലോളി അബ്ദുറഹിമാന്‍

Keralam Local News Pravasi

മലപ്പുറം: ഗള്‍ഫ്‌മേഖലയില്‍ നിന്നും മറ്റും ജോലി നഷ്ടപ്പെട്ടും അസുഖം ബാധിച്ചും തിരിച്ചുനാട്ടിലെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനു കൂടുതല്‍ മൂന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ടു മലപ്പുറത്തുനടന്ന നവകേരളാ സദസ്സിനോടനുബന്ധിച്ച പ്രഭാത സദസ്സില്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. പ്രവാസി സംഘത്തെ പ്രതിനിധീകരിച്ചു പാലോളി അബ്ദുറഹിമാനാണു വിഷയം പ്രഭാത സദസ്സില്‍ അവതരിപ്പിച്ചത്. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രവാസികള്‍ക്കു സബ്‌സിഡിയോടുകൂടിയ ബാങ്ക് വായപക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇവ പ്രായോഗികമായി നടപ്പാക്കാന്‍ ചട്ടങ്ങള്‍ ലഘൂകരിക്കണം,
പ്രവാസി ക്ഷേമനിധിയില്‍ ചേരാനുള്ള പ്രായപരിധി എടുത്തുകളയണം, നോര്‍ക്കയുടെ സാന്ത്വന സഹായ വിതരണത്തിലെ കാലതാമസം ഒഴിവാക്കണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വികസന കമ്മിറ്റികളില്‍ പ്രവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തണം, പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണം, ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്നതുള്‍പ്പെടെ പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പാലോളി അബ്ദുറഹിമാന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ബാങ്ക്‌വായ്പകള്‍ വേഗത്തിലാക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി മറുപടി നല്‍കി.