അസുഖ ബാധിതനായ പിതാവിനെ ആശുപത്രിയില്‍ കൊണ്ടുപോയ 10വയസ്സുകാരിയെ പീഡിപ്പിച്ചു. പ്രതിക്ക് ഏഴു വര്‍ഷം തടവും പിഴയും

Local News

മഞ്ചേരി : പത്തു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസില്‍ പ്രതിക്ക് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ഏഴു വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. മഞ്ചേരി പുല്‍പ്പറ്റ ആലുങ്ങാപറമ്പില്‍ കാരക്കാടന്‍ ബഷീര്‍ (43)നെയാണ് ജഡ്ജ് എ എം അഷ്റഫ് ശിക്ഷിച്ചത്. 2016 ഒക്ടോബര്‍ ഒമ്പതിനാണ് കേസിന്നാസ്പദമായ സംഭവം. കുട്ടിയുടെ അസുഖ ബാധിതനായ പിതാവിനെ ആശുപത്രിയില്‍ കൊണ്ടുപോയതായിരുന്നു മാതാവ്. ഈ സമയം കുട്ടികളെ സഹായിക്കാനെത്തിയതായിരുന്നു പ്രതി. മറ്റുകുട്ടികളെ വീടിന്റെ താഴെ നിലയിലെ മുറിയില്‍ കിടത്തി വാതിലടച്ച ശേഷം ബാലികയെ മുകളിലെ നിലയില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2016 ഒക്ടോബര്‍ 18ന് മഞ്ചേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പൊലീസ് അഡീഷണല്‍ എസ് ഐയായിരുന്ന സി സുബ്രഹ്മണ്യന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ് ഐ കൈലാസ് നാഥ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 16 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 21 രേഖകളും ഹാജരാക്കി. എ എസ് ഐമാരായ എന്‍ സല്‍മ, പി ഷാജിമോള്‍ എന്നിവരായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍മാര്‍. പ്രതി പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ തടവ് അനുഭവിക്കണമെന്നും പിഴയടക്കുന്ന പക്ഷം തുക പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി വിധിച്ചു. മാത്രമല്ല സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും അതിജീവിതക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി. റിമാന്റില്‍ കിടന്ന കാലാവധി ശിക്ഷയില്‍ കുറവു ചെയ്യും. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി