ജില്ലയിലെ 5 പേരുടെ നിപ്പ പരിശോധന ഫലം കൂടി നെഗറ്റീവ് ആയി. പുതുതായി ജില്ലയിൽ നിന്നുള്ള ആരും തന്നെ നിപ്പ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

Health Local News

മലപ്പുറം: ജില്ലയിൽ നിപ്പ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 11 പേരുടെ സ്രവ സാമ്പിളുകൾ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇതിൽ 5 പേരുടെ പരിശോധന ഫലമാണ് ഇന്ന് ലഭിച്ചത്. ഇതിൽ 5 പേരുടെയും നിപ്പ പരിശോധന ഫലം നെഗറ്റീവ് ആയതായി ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു . ഇതോടെ ജില്ലയിൽ നിപ്പ സമ്പർക്ക ഉൾപ്പെട്ട 11 പേരുടെ സ്രവ സാമ്പിളുകൾ നെഗറ്റീവ് ആയി. പുതുതായി ജില്ലയിൽ നിന്നുള്ള ആരും തന്നെ നിപ്പ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

സബ് കളക്ടർ ശ്രീധന്യ സുരേഷ് ഐ എ എസ് നേതൃത്വത്തിൽ ജില്ലാതല വകുപ്പ് മേധാവികളുടെ നിപ്പ അവലോകന യോഗം നടത്തുകയും ജില്ലയിലെ നിപ്പ പ്രതിരോധ നടപടികൾ വിലയിരുത്തുകയും ചെയ്തു.
പുതുതായി ജില്ലയിൽ നിന്നുള്ള ആരും തന്നെ നിപ്പ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും ജില്ലയിലെ നിപ്പ നിരീക്ഷണ പ്രവർത്തനങ്ങൾ സമഗ്രമായി തന്നെ നടന്നു വരുന്നു. സമ്പർക്ക പട്ടികയിൽ ഉള്ള എല്ലാവരെയും അവരുടെ പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകർ ദിവസവും രണ്ട് തവണ ഫോൺ മുഖാന്തിരം വിവരങ്ങൾ അന്വേഷിക്കുകയും അവരുടെ ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ജില്ലാതല നിപ്പ കൺട്രോൾ സെൽ വഴിയും നിരീക്ഷണം നടക്കുന്നുണ്ട്.
നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ ജില്ലാ നിപ്പ കൺട്രോൾ സെല്ലിൽ 0483 273 4066 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് കൗൺസിലിംഗ് സഹായത്തിനായി 7593843625 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആർക്കും തന്നെ നിലവിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും അവരവരുടെ വീട്ടിൽ തന്നെ സ്വയം നിരീക്ഷണത്തിൽ ഇരിക്കുന്നതിനായി ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.