100 % വാക്സിനേഷനുമായി വയനാട്ടിലെ ഏഴ് തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ

Health India News

തിരുവനന്തപുരം: വയനാട്ടിലെ ഏഴ് തദ്ദേശസ്വയംഭരണങ്ങളിലുമുള്ള പതിനെട്ടു വയസ്സ് കഴിഞ്ഞ മുഴുവന്‍ ആളുകൾക്കും ആദ്യത്തെ ഡോസ് വാക്‌സീന്‍ കൊടുത്തതായി ആരോഗ്യ വകുപ്പ് പറഞ്ഞു. പുല്‍പ്പള്ളി, നൂല്‍പ്പുഴ, വൈത്തിരി, പൊഴുതന, എടവക, തരിയോട് എന്നീ പഞ്ചായത്തുകളിലെയും കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെയും പതിനെട്ട് കഴിഞ്ഞവർക്കാണ് വാക്‌സീന്‍ കൊടുത്തത്.

ഇതിനു മുൻപ് കാസ‌ര്‍കോട്, വയനാട് ജില്ലകളിലെ 45 വയസ്സ് കഴിഞ്ഞ മുഴുവൻ ആളുകൾക്കും വാക്സിൻ വിതരണം പൂർത്തിയാക്കിയിരുന്നു. അത് കഴിഞ്ഞാണ് വയനാട്ടിലെ ഏഴ് തദ്ദേശ സ്വയംഭരണങ്ങൾക്ക് കീഴിലുള്ള മുഴുവൻ ആളുകൾക്കും വാക്സിൻ കൊടുത്ത് അടുത്ത ലക്ഷ്യം നേടിയതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോ‌ര്‍ജ്ജ് അറിയിച്ചു. ഈ ലക്ഷ്യം നിറവേറ്റാൻ സഹായിച്ച എല്ലാ ആരോഗ്യ പ്രവർത്തകർക്കും, ജനപ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മന്ത്രി നന്ദി പറയുകയും കൂട്ടായ പ്രവർത്തനത്തിന് അഭിനന്ദിക്കുകയും ചെയ്തു. ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം കൂടുതലുള്ള ഈ സ്ഥലങ്ങളിൽ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, ജില്ലാ കളക്ടര്‍, പ്ലാനിംഗ് ഓഫീസര്‍, അര്‍ സി എച്ച്‌ ഓഫീസര്‍ തുടങ്ങിയവരാണ് വാക്സിൻ നൽകുന്നതിന് നേതൃത്വം കൊടുത്തിരുന്നത്.

ആദിവാസി വിഭാഗക്കാരുടെ എണ്ണം വളരെ കൂടുതലുള്ള നൂല്‍പ്പുഴ, പുല്‍പ്പള്ളി,വൈത്തിരി തുടങ്ങിയ പഞ്ചായത്തുകളിൽ എല്ലാവര്ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നൽകാനായത് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. മോപ്പപ്പ് മേയ്,മാര്‍ച്ച്‌ മിഷന്‍, ഗോത്രരക്ഷ ജൂണ്‍ എന്നിങ്ങനെ പല തരത്തിലുള്ള മിഷനുകൾ ഓരോ മാസവും സംഘടിപ്പിച്ചു കൊണ്ടാണ് ഈ യജ്ജം പൂർത്തീകരിച്ചത്. ഇതിൽ തന്നെ തൊഴില്‍ വകുപ്പുമായി ചേർന്നാണ് പ്ലാന്റേഷന്‍ മേഖലയില്‍ ജോലി ചെയ്യുന്നവർക്ക് വാക്സിൻ നൽകിയത്.

തെരഞ്ഞെടുപ്പ് നടത്തുന്ന രീതികളിലൂടെയാണ് ഇവിടെ വാക്‌സിനേഷൻ നടത്തിയിരുന്നത്. വാക്സിൻ സ്വീകരിക്കാത്തവരുടെ വീടുകളിൽ ചെന്ന് സ്ലിപ്പ് കൊടുത്ത് വാക്സിൻ നൽകുന്ന സ്കൂളുകളിൽ എത്തിക്കുകയായിരുന്നു. എത്തിപ്പെടാൻ പ്രയാസമുള്ള ആദിവാസി ഉയരുകളിലെ ആളുകൾക്ക് വാക്സിനേഷൻ നൽകിയെന്ന് ഉറപ്പാക്കാൻ 13 പ്രത്യേക മൊബൈല്‍ ടീമുകളെയും ഏർപ്പെടുത്തിയിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ജില്ലാ ഭരണകൂടം, ആശാ വര്‍ക്കര്‍മാര്‍, ട്രൈബല്‍ വകുപ്പ് തുടങ്ങിയവരും ഇതിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഇനി രണ്ടാംഘട്ട വാക്സിൻ നൽകേണ്ട സമയം ആകുമ്പോൾ അതും എല്ലാവര്ക്കും എത്തിക്കാനുള്ള പദ്ധതികളും തുടങ്ങിയിട്ടുണ്ടെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.