നൈജീരിയയിലെ സ്കൂൾ ആക്രമിച്ച് 73 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി

Crime International News

നൈജീരിയയിലെ സംഫാറ സ്റ്റേറ്റിലുള്ള സ്കൂൾ ആക്രമിച്ച് ആയുധധാരികളായ സംഘം 73 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി. കയ ഗ്രാമത്തിലുള്ള ഗവണ്മെന്റ് സെക്കന്‍ഡറി സ്കൂളിലേക്ക് തോക്കുമായി വന്ന സംഘം അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ കൊണ്ട് പോവുകയായിരുന്നുവെന്ന് സംഫാറയിലെ പൊലീസ് വക്താവായ മുഹമ്മദ് ഷെഹു മാധ്യമങ്ങളെ അറിയിച്ചു. സൈന്യത്തിന്റെ സഹായത്തോടു കൂടി വിദ്യാർത്ഥികളെ തിരിച്ചു കിട്ടുന്നതിന് വേണ്ട നടപടികൾ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിൽ സ്കൂളുകൾ ആക്രമിച്ച ശേഷം കുട്ടികളെ തട്ടിയെടുക്കുന്ന സംഭവങ്ങൾ നൈജീരിയയില്‍ കൂടുന്നുണ്ട്. ആയിരത്തിലുമധികം കുട്ടികളെയാണ് വടക്കന്‍ നൈജീരിയയില്‍ നിന്നും കഴിഞ്ഞ ഡിസംബര്‍ മുതല്‍ തട്ടികൊണ്ട് പോയിരിക്കുന്നത്. ഇങ്ങനെ തട്ടിക്കൊണ്ടു പോകുന്ന കുട്ടികളെ വിട്ടു നൽകാനായി വലിയ തുക മോചനദ്രവ്യമായി ഇവർ ആവശ്യപ്പെടും. പണം കൈമാറി കഴിഞ്ഞാൽ കുട്ടികളെ വിട്ടുനൽകും. പണം നൽകിയില്ലെങ്കിൽ കുട്ടികളെ കൊല്ലുകയും ചെയ്യും. ഇത്തരത്തിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനായി പലതരം പദ്ധതികൾ സര്ക്കാര് തുടങ്ങിയെങ്കിലും ഇവ തുടർന്നുകൊണ്ടിരിക്കുകയാണ്.