മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് അറസ്റ്റിൽ

Local News

പെരിന്തൽമണ്ണ: മൂര്‍ക്കനാട് പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്‍ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവുമായ ചെമ്മലശേരി ആലമ്പാറ മണ്ണേങ്ങല്‍ കണ്ണംതൊടി ഉമറുദ്ദീന്‍(53) ആണ് അറസ്റ്റിലായത്. ബാങ്കിനെയും നിക്ഷേപകരെയും കബളിപ്പിച്ച് 18 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസില്‍ നിലവിലെ ബാങ്ക് സെക്രട്ടറി പി.കെ. മുഹമ്മദ് അസ്ലം നല്‍കിയ പരാതിയില്‍ കൊളത്തൂര്‍ പോലീസാണ് അറസ്റ്റുരേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ജാമ്യം നിരസിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചക്ക് കൊളത്തൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റിന്റെ ചാര്‍ജ്ജുള്ള മലപ്പുറം മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. ബാങ്കില്‍ സൂക്ഷിക്കേണ്ട സ്ഥിരനിക്ഷേപ രേഖയില്ലാതെ വായ്പ നല്‍കി ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മെയ് മാസം 12 ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പെരിന്തല്‍മണ്ണ സഹകരണ സംഘം അസി. രജിസ്ട്രാറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരനിക്ഷേപത്തിന്മേല്‍ വായ്പ നല്‍കിയതിന്റെ രസീതുകള്‍ ബാങ്കില്‍ കണ്ടെത്താനായിരുന്നില്ല. കമ്പ്യൂട്ടറില്‍ മുന്‍കാല നമ്പറുകളില്‍ വ്യാജമായി സ്ഥിരനിക്ഷേപമുണ്ടാക്കി വായ്പയെടുത്തതായും കണ്ടെത്തിയിരുന്നു. അന്നുതന്നെ ഉമറുദ്ദീനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഭരണസമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.