പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് തടവും പിഴയും

Local News

മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് തടവും പിഴയും.പതിനേഴുകാരനായ സഹോദരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി രണ്ട് ജ്യേഷ്ഠന്മാര്‍ വെട്ടിലായി. കല്പകഞ്ചേരി എസ് ഐ മാരായ കെ എം സൈമണ്‍ അറസ്റ്റ് ചെയ്ത വെങ്ങാലൂര്‍ കടവത്ത് തളികപ്പറമ്പില്‍ മുഹമ്മദ് ഷഫീഖ് (23), സി രവി അറസ്റ്റ് ചെയ്ത കല്പകഞ്ചേരി പാറമ്മലങ്ങാടി കാരാട്ട് വീട്ടില്‍ മുഹമ്മദ് ഫസല്‍ യാസീന്‍ (22) എന്നിവരാണ് തങ്ങളുടെ 17കാരായ ഇളയ സഹോദരങ്ങള്‍ക്ക് പൊതുനിരത്തില്‍ സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി പുലിവാല് പിടിച്ചത്. പുത്തനങ്ങാടി – തുവ്വക്കാട് പബ്ലിക് റോഡില്‍ സ്‌കൂട്ടര്‍ ഓടിച്ചതിന് ഒരാള്‍ പിടിയിലായപ്പോള്‍ രണ്ടാമന്‍ പിടിയിലായത് കടുങ്ങാത്തുകുണ്ട് – പാറമ്മലങ്ങാടി റോഡില്‍ വെച്ചാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് ഇരുവരും പിടിയിലായത്. കുട്ടികളെ കാര്യം പറഞ്ഞ് മനസ്സിലാക്കി പൊലീസ് വീട്ടിലേക്കയച്ചുവെങ്കിലും വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ആര്‍ സി ഉടമകളായ സഹോദരങ്ങളെ വിളിച്ചു വരുത്തി പൊലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തു. രണ്ടുപേര്‍ക്കും 30250 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവുമാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ. പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ തടവ് അനുഭവിക്കണമെന്ന് മജിസ്ട്രേറ്റ് എ എം അഷ്റഫ് ഉത്തരവിട്ടെങ്കിലും ഇരുവരും കോടതിയില്‍ പിഴസംഖ്യ കെട്ടി അഞ്ചു മണിക്ക് ശേഷം വീട്ടിലേക്ക് തിരിക്കുകയായിരുന്നു.
സമാനമായ രണ്ടു കേസുകളില്‍ ഇതേ ശിക്ഷ ലഭിച്ചത് ആര്‍ സി ഉടമകള്‍ക്കാണ്. കൊണ്ടോട്ടി പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ മലപ്പുറം ഒഴുകൂര്‍ വളവില്‍ പനങ്ങാട് വീട്ടില്‍ എ ഫൈസല്‍ (36)നും കല്പകഞ്ചേരി പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ അനന്താവൂര്‍ ചോലക്കല്‍ മുഹമ്മദ് കുട്ടി (40) എന്നിവരാണ് പിഴയടച്ചത്. ഇക്കഴിഞ്ഞ എട്ടിന് കീഴിശ്ശേരിയില്‍ വെച്ചും മാര്‍ച്ച് 22ന് പട്ടര്‍നടക്കാവില്‍ വെച്ചുമാണ് 17 കാരന്‍ ഓടിച്ച ഇരുചക്ര വാഹനങ്ങള്‍ പൊലീസ് പിടികൂടിയത്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി